സെപ്റ്റംബർ 27ന് ഹർത്താൽ ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ
text_fieldsകോഴിക്കോട്: സെപ്റ്റംബർ 27ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരതബന്ദിന് ഐക്യദാർഢ്യമായി കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദദഗതിക്കെതിരെ മോട്ടോർ തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാൽ വാഹനങ്ങൾ ഓടില്ല. വ്യപാര സ്ഥാപനങ്ങളിലെ തൊളിലാളികളും ജോലിക്ക് ഹാജരാവില്ല. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. അഞ്ഞൂറിലധികം കർഷകസംഘടനകൾ ചേർന്ന സംയുക്ത കിസാൻ മോർച്ചയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് ഭക്ഷ്യക്ഷാമത്തിന് വരെ കാരണമാവുന്ന കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഒമ്പത് മാസമായി കർഷകർ ഡൽഹി േകന്ദ്രീകരിച്ച് സമരത്തിലാണ്. കർഷക സംഘടനകളുമായി ചർച്ച നടത്തുന്നതിനോ പ്രശ്നം ഒത്തു തീർപ്പാക്കുന്നതിനോ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ബി.എം.എസ് ഒഴികെ ഇന്ത്യയിലെ മുഴുവൻ തൊഴിലാളി സംഘടനകളും ഭാരതബന്ദിന് ആഹ്വാനം ചെയ്തിരിക്കയാണ്. ഭാരത ബന്ദിനോടനുബന്ധിച്ച് സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും എളമരം കരീം വ്യക്തമാക്കി.
കേരളത്തിലെ 23 ട്രേഡ് യൂണിയനുകളാണ് സമരത്തിന് പിന്തുണ നൽകുന്നത്. വാർത്താസമ്മേളനത്തിൽ കെ. രാജീവ്, പി.കെ നാസർ, യു. പോക്കർ, കെ.കെ കൃഷ്ണൻ, അഡ്വ. എം.പി സൂര്യനാരായണൻ, ടി. ഇബ്രാഹിം, പി.എം ശ്രീകുമാർ, ടി.വി വിജയൻ, അഡ്വ. പി. കൃഷ്ണകുമാർ, ബഷീർ പാണ്ടികശാല, ഒ.കെ സത്യ, ഷിനു വള്ളിൽ, എ.എ സവാദ്, രാമദാസ് വേങ്ങേരി, ബിജു ആൻറണി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.