മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു
text_fieldsതിരുവനന്തപുരം: നവ കേരള ബസിന് എതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും സാമാന്യ നീതിയുടെ നിഷേധവുമാണിതെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പ്രസ്താവനയിൽ അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ആലുവയിൽ വച്ച് കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് 24 ന്യൂസിലെ വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തിയതും കേസിൽ അഞ്ചാം പ്രതിയാക്കിയതും.
മുമ്പ് ഏഷ്യാനെറ്റ് ലേഖികക്ക് എതിരെ സമാനമായ രീതിയിൽ പൊലീസ് കേസെടുത്തത് കോടതി റദ്ദാക്കിയിരുന്നു. വീണ്ടും സമാനമായ തെറ്റ് ആവർത്തിക്കുകയാണ് പൊലീസ് ചെയ്യുന്നത്. കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ പൊലീസ് തയാറാകണമെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും എം.വി വിനീതയും ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.