കെ-റെയിൽ പദ്ധതി കേരളത്തെ രണ്ടായി പിളർക്കും
text_fieldsപത്തനംതിട്ട: നിർദിഷ്ട കെ-റെയിൽ പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് കേരളത്തെ രണ്ടായി പകുത്തുമാറ്റുംവിധം. തിരുവനന്തപുരം മുതൽ കാസർകോട് വരെ 532 കി.മീ. നീളംവരുന്ന സെമി അതിവേഗ റെയിൽവേ (സിൽവർ ലൈൻ) പാതക്ക് ഇരുവശവും കൂറ്റൻ മതിൽ കെട്ടിത്തിരിക്കുമെന്നാണ് പദ്ധതി സംബന്ധിച്ച റിപ്പോർട്ടുകളിലുള്ളത്. 132 കി.മീ. നീളത്തിൽ നെൽപ്പാടം നികത്തേണ്ടിയുംവരും. 25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്ന് പറയുന്നുണ്ടെങ്കിലും 100 മീറ്റർ വീതിയിലുള്ള ഭൂമിയെങ്കിലും ബഫർ സോണായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പദ്ധതിക്ക് പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിന് നിയോഗിച്ച ഏജൻസിക്ക് അംഗീകാരമില്ലെന്ന് പദ്ധതിക്കെതിരെ ചെന്നൈ ഹരിത ൈട്രബ്യൂണലിൽ നൽകിയ ഹരജിയിൽ പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും ഏജൻസിയോട് ഒരുമാസത്തിനകം പരിസ്ഥിതി മാനേജ്മെൻറ് പ്ലാൻ സമർപ്പിക്കാൻ കഴിഞ്ഞദിവസം ൈട്രബ്യൂണൽ നിർദേശിച്ചത് ഹരജിക്കാർക്ക് തിരിച്ചടിയായി. തിരുവനന്തപുരത്തെ സെൻറർ ഫോർ എൻവയൺമെൻറ് ആൻഡ് െഡവലപ്മെൻറാണ് പഠനം നടത്തുന്നത്.
ഉമ്മൻ ചാണ്ടി സർക്കാർ എക്സ്പ്രസ് ഹൈവേ പദ്ധതി ആവിഷ്കരിച്ചപ്പോൾ ഇടതുപക്ഷം എതിർത്തത് കേരളത്തെ രണ്ടായി പകുത്തുമാറ്റുമെന്ന് വിമർശിച്ചുകൊണ്ടായിരുന്നു. എതിർപ്പിനെത്തുടർന്നാണ് ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടത്.
സമാനമായി കേരളത്തെ നെടുകെ മുറിക്കുംവിധമാണ് റെയിൽ പദ്ധതി. 532 കി.മീ. നീളം വരുന്ന പാതയിൽ 450 കി.മീറ്ററും ഭൂനിരപ്പിലൂടെയാണ് പോകുക. ഇത്രയും ദൂരം പാതയുടെ ഇരുവശവും 15 അടി ഉയരമുള്ള മതിൽ നിർമിച്ച് പാതയെ വേർതിരിക്കണമെന്നാണ് മെട്രോമാൻ ഇ. ശ്രീധരൻ തയാറാക്കിയ റിപ്പോർട്ടിൽ നിർദേശിക്കുന്നത്. ഇത്രയും ഉയരത്തിൽ മതിൽ നിർമിക്കുന്നത് റെയിൽപാത മുറിച്ച് കടന്നുപോകുന്ന എല്ലാ റോഡുകളും അടയുന്നതിന് കാരണമാകും.
എക്സ്പ്രസ് ഹൈവേയെ എതിർക്കുന്നതിന് ഇടതുപക്ഷം ഉയർത്തിയ പ്രധാന വാദം ചെറുതും വലുതുമായ മറ്റ് റോഡുകളെയെല്ലാം ഹൈവേ മതിൽ കെട്ടി തടയുമെന്നതായിരുന്നു. ഹൈവേ മുറിച്ചുകടക്കാൻ അനുവദിക്കുന്ന സ്ഥലങ്ങളിലൂടെ മാത്രേമ യാത്ര ചെയ്യാനാകൂവെന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പാത നിർമാണത്തിന് 132 കി.മീ. ദൂരം നെൽപ്പാടങ്ങൾ നികത്തേണ്ടിവരുമെന്ന് പരിസ്ഥിതി ആഘാത പഠനറിപ്പോർട്ടിലാണ് പറയുന്നത്. ഇത് ഭൂഗർഭ ജലക്ഷാമം രൂക്ഷമാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ആറന്മുള വിമാനത്താവള പദ്ധതിയെ ഇപ്പോഴത്തെ കൃഷി മന്ത്രിയടക്കമുള്ള ഇടതുപക്ഷം എതിർത്തത് നെൽപ്പാടം നികത്തുന്നത് മുൻനിർത്തിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.