കാരായിമാർ കണ്ണൂരിലെത്തുന്നത് ഏഴര വർഷത്തിനുശേഷം
text_fieldsകണ്ണൂർ: ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും ഹൈകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതോടെ ഇരുവർക്കും ജന്മനാടായ കണ്ണൂരിലെത്താം. 2013ലാണ് ജയിലിലായിരുന്ന പ്രതികൾക്ക് എറണാകുളം ജില്ല വിട്ടുപോകരുതെന്ന കർശന വ്യവസ്ഥയോടെ ജമ്യം അനുവദിച്ചത്. 2012ലാണ് സി.പി.എമ്മിലെ മുതിർന്ന നേതാക്കളായ കാരായിമാരെ കേസില്‍ സി.ബി.ഐ പ്രതികളാക്കിയത്. തുടർന്ന് ഒരുവർഷത്തിന് ശേഷം ജാമ്യം ലഭിച്ചു. പിന്നീട് രണ്ട് പേരും സി.ബി.ഐ പ്രത്യേക കോടതിയുടെ അനുമതിയോടെ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. വിജയിച്ച കാരായി രാജനെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറായും ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭ ചെയർമാനായും തെരഞ്ഞെടുത്തു. എന്നാൽ, ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കാത്തതിനെ തുടർന്ന് ഇരുവരും തൽസ്ഥാനങ്ങൾ രാജിവെക്കുകയായിരുന്നു.
2006 ഒക്ടോബർ 22ന് നാണ് തലശ്ശേരി സെയ്ദാർപള്ളിക്കു സമീപം പത്രവിതരണക്കാരനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പുമൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. ഇതിനിടെയാണ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി ആർ.എസ്.എസ് പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷ് രംഗത്തെത്തുന്നത്. താനുൾപ്പെടുന്ന ആർ.എസ്.എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്ന് സി.പി.എം പ്രാദേശിക നേതാവ് പടുവിലായി മോഹനൻ വധക്കേസിൽ ചോദ്യം ചെയ്യുന്നതിനിടെ സുബീഷ് വെളുപ്പെടുത്തി. ഇതിെൻറ പശ്ചാത്തലത്തിലാണ് ഫസലിെൻറ സഹോദരന് അബ്ദുല്‍ സത്താര്‍ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി സമര്‍പ്പിച്ചത്.വര്‍ഷങ്ങളായി സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു ഫസല്‍ വധം. കോടതിയുടെ തുടരന്വേഷണ ഉത്തരവിന് പിന്നാലെ കാരായിമാർക്ക് ജാമ്യം അനുവദിച്ചതും രാഷ്ട്രീയവിജയമായാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കേസിലെ മറ്റ് ആറു പ്രതികൾ നേരത്തെ ജാമ്യം കിട്ടി കണ്ണൂരിൽ തന്നെയാണ് കഴിയുന്നത്.
ഹൈകോടതി വിധി സ്വാഗതാര്‍ഹം –എം.വി. ജയരാജൻ
കണ്ണൂര്‍: കാരായിമാരുടെ ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ചുള്ള ഹൈകോടതി വിധി സ്വാഗതാര്‍ഹവും നീതിതേടിയുള്ള പോരാട്ടത്തിെൻറ വിജയവുമാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ആര്.എസ്.എസുകാരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന സത്യം ജനങ്ങള്‍ക്കറിയാം. അത് ജുഡീഷ്യറിയെ ബോധ്യപ്പെടുത്തി നിരപരാധിത്വം തെളിയിക്കാനാണ് രാജനും ചന്ദ്രശേഖരനും സി.പി.എമ്മും പരിശ്രമിക്കുന്നത്. നിരപരാധികള്‍ അകത്തും അപരാധികള്‍ പുറത്ത് വിലസുകയും ചെയ്യുന്ന കേസാണിത്. ജാമ്യവ്യവസ്ഥ പിന്‍വലിക്കരുതെന്ന് സി.ബി.ഐ കോടതിയില്‍ വാദിക്കുമ്പോള്‍ പറഞ്ഞകാരണം ഇവര്‍ നാട്ടിലെത്തിയാല്‍ സാക്ഷികളെ സ്വാധിനിക്കുമെന്നായിരുന്നു. കേസിലെ മറ്റ് ആറുപേര്‍ വര്‍ഷങ്ങളായി നാട്ടില്‍ തന്നെയായിരുന്നു. അവരാരും സാക്ഷികളെ ഭീഷണിപ്പെടുത്തിയിട്ടില്ല. കുടുംബത്തോടൊപ്പവും നാട്ടുകരോടൊപ്പവും ജീവിക്കാനും പൊതുപ്രവര്‍ത്തനം നടത്താനും ഇരുവർക്കും ഈ വിധിമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.