കരുവന്നൂർ തട്ടിപ്പിന് പഴക്കം സി.പി.എമ്മിലെ പിണറായി - വി.എസ് വിഭാഗീയതയോളം
text_fieldsതിരുവനന്തപുരം: നേതാക്കൾ പങ്കാളികളായ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിന് സി.പി.എമ്മിലെ വിഭാഗീയതയോളം പഴക്കം. സി.പി.എം രാഷ്ട്രീയത്തെ രണ്ട് ദശകത്തോളം പ്രക്ഷുബ്ധമാക്കിയ പിണറായി- വി.എസ് വിഭാഗീയതയിൽ തൃശൂർ ജില്ല പിടിക്കാനുള്ള ഒൗദ്യോഗിക പക്ഷത്തിെൻറ നീക്കങ്ങളുടെ മറവിലായിരുന്നു തട്ടിപ്പ് കൊഴുത്തത്.
ഇപ്പോൾ വിഭാഗീയത അവസാനിക്കുകയും നേതൃത്വത്തിന് ആരെയും സംരക്ഷിക്കേണ്ട ബാധ്യത ഇല്ലാതാകുകയും ചെയ്തതോടെ തട്ടിപ്പ് കണ്ടിട്ടും കണ്ണടച്ച സംസ്ഥാന നേതാക്കൾ ജില്ല കമ്മിറ്റിയിലടക്കം പരസ്പരം പഴിചാരുകയാണ്. അതാത് കാലത്തെ ജില്ല നേതൃത്വത്തിെൻറ ജാഗ്രതക്കുറവാണ് തട്ടിപ്പിനിടയാക്കിയതെന്ന് കഴിഞ്ഞ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തത് ബേബിജോണിനെയും എ.സി. മൊയ്തീനെയും പ്രതിക്കൂട്ടിലാക്കി. തൃശൂർ ജില്ല കമ്മിറ്റിയിൽ ഇരുവരും വാഗ്വാദത്തിലും ഏർപ്പെട്ടു.
2001-02 ജില്ല സമ്മേളനത്തിലെ കടുത്ത വിഭാഗീയതക്ക് പിന്നാലെയാണ് കരുവന്നൂരിലെ പ്രശ്നങ്ങളും തുടങ്ങുന്നത്. അന്ന് സംസ്ഥാന സമിതിയംഗവും ഡി.വൈ.എഫ്.െഎ സംസ്ഥാന സെക്രട്ടറിയുമായ ടി. ശശിധരൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുത്ത് ജില്ല കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
ആ വർഷം സെപ്റ്റംബറിൽ ഇ.പി. ജയരാജന് ജില്ല സെക്രട്ടറിയുടെ ചുമതല നൽകി ജില്ല ഒാർഗനൈസിങ് കമ്മിറ്റിയും രൂപവത്കരിച്ചു. തുടർന്ന് പിണറായി പക്ഷം ഏരിയ കമ്മിറ്റികൾ പിടിക്കാനും വി.എസ് വിഭാഗം അവ നിലനിർത്താനും നീക്കംതുടങ്ങി. കരുവന്നൂർ സഹകരണബാങ്കിന് റബ്കോയുടെ എറണാകുളം, തൃശൂർ ജില്ലകളുടെ ഏജൻസി ലഭിച്ചത് ഇതിന് പിന്നാലെയായിരുന്നു.
ബാങ്ക് ഉൾപ്പെടുന്ന ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും സെക്രട്ടറി സി.കെ. ചന്ദ്രനും കടുത്ത വി.എസ് പക്ഷക്കാരായിരുന്നു. എന്നാൽ, പിന്നാലെ ഒാരോ കമ്മിറ്റിയും ഒൗദ്യോഗിക പക്ഷത്തേക്ക് വീണു. ഇക്കാലത്തുതന്നെ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയിൽ ബാങ്കിെനക്കുറിച്ച് ആക്ഷേപം ഉയർന്നിരുന്നെങ്കിലും വിഭാഗീയതയുടെ തിരക്കിൽ നേതൃത്വം കണ്ണടച്ചെന്നാണ് ആക്ഷേപം.
ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് കെ.ജി. ശങ്കരൻതന്നെ ബാങ്കിൽ തെറ്റായ പല കാര്യങ്ങളും നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി. ബാങ്കിെൻറ ചുമതലയുണ്ടായിരുന്ന ചന്ദ്രനും ഒടുവിൽ വി.എസ് പക്ഷം വിട്ടതോടെ പിന്നീട് ജില്ല സെക്രട്ടറിയായ ബേബി ജോണിെൻറ കാലത്ത് തട്ടിപ്പുകളിൽ ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് ജില്ല സെക്രട്ടറിയായ എ.സി. മൊയ്തീനും കണ്ണടച്ചെന്നാണ് ആക്ഷേപം. തട്ടിപ്പ് ചൂണ്ടിക്കാണിച്ച ജീവനക്കാരനായ സുരേഷിനെ 'അന്വേഷണം' നടത്തി ബാങ്കിൽനിന്ന് പുറത്താക്കിയതിനെ ജില്ല നേതൃത്വം പിന്തുണക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.