Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സിലേക്കുള്ള...

നവകേരള സദസ്സിലേക്കുള്ള ജനലക്ഷങ്ങളുടെ ഒഴുക്ക് തടയാനാണ് സംഘർഷം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

കണ്ണൂർ: നവകേരള സദസ്സിലേക്ക് ജനലക്ഷങ്ങൾ ഒഴുകി വരുന്നത് തടയാൻ വേറെ മാർഗമില്ലാതായപ്പോൾ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് "അശ്ലീല നാടകമാണ്"എന്ന് ആക്ഷേപിച്ചതും കേട്ടു. ആരെയാണ് ഇതിലൂടെ അപമാനിക്കുന്നതും അവഹേളിക്കുന്നതും? ഇതിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ? ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.

വാർത്താസമ്മേളനത്തിന്‍റെ പൂർണരൂപം:

നവകേരള സദസ്സ് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ഈ കൂട്ടായ്മയിൽ പങ്കാളികളാകുന്ന ഓരോരുത്തരും സംസ്ഥാന സർക്കാരിലുള്ള പ്രതീക്ഷയും ഉറച്ച വിശ്വാസവുമാണ് പ്രഖ്യാപിക്കുന്നത്.

യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ഇതിനെക്കുറിച്ച് ചിലരുടെ എതിർപ്പുകൾ ഉയർന്നുവന്നു. അപവാദ പ്രചാരണങ്ങൾക്കിറങ്ങിയവരുമുണ്ട്. ബഹിഷ്കരണാഹ്വാനം മുഴക്കിയ ചിലർ ഉണ്ട്. ജനങ്ങൾ സ്വീകരിക്കാതിരിക്കാൻ തടസ്സപ്പെടുത്താൻ ശ്രമിച്ചവരുണ്ട്. അത്തരക്കാരുടെ ആഗ്രഹങ്ങളല്ല ജനങ്ങൾ നിറവേറ്റുന്നത്. അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും ചെവി കൊടുക്കാതെ, സർക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ആബാലവൃദ്ധം, ഒരു തരത്തിലുള്ള ഭേദവുമില്ലാതെ നവകേരള സദസ്സിനോപ്പം അണിചേരുകയാണ്. ഇത് വലിയ കരുത്ത് നൽകുന്നതാണ്.

മഞ്ചേശ്വരം പൈവെളിഗെയിൽ തുടങ്ങിയത് മുതൽ, ഇന്നലെ യാത്ര ഇരിക്കൂറിൽ സമാപിക്കും വരെയുള്ള അനുഭവം നോക്കുക. ഒരു കേന്ദ്രത്തിൽ പോലും ജനാവലിയുടെ വൈപുല്യത്തിലോ ആവേശത്തിലോ കുറവുണ്ടായില്ല. കൂടിയതേയുള്ളൂ. തീരുമാനിക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ജനപങ്കാളിത്തം. കടന്നുവരുന്ന വീഥികളിലാകെ ജനങ്ങൾ കാത്തു നിൽക്കുകയാണ്; അഭിവാദ്യം ചെയ്യുകയാണ്.

ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്‌. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന നടക്കുന്നു. ഇന്നലെ അതിന്റെ ഭാഗമായി ഒരു നീക്കം ഉണ്ടായി. കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും.

നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്, ഇത്തരം പ്രകടനങ്ങൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല എന്നതാണ് കാണേണ്ടത്. അത് അവസാനിപ്പിക്കണം എന്നാണ് ഈ ഘട്ടത്തിൽ അഭ്യർഥിക്കാനുള്ളത്. ഇത് ജനങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകർക്കാൻ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാനും എൽ.ഡി.എഫ് ഗവൺമെന്റിനെ സ്നേഹിക്കുന്ന എൽ.ഡി.എഫിന് ഒപ്പം നിൽക്കുന്ന എല്ലാവരും ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു.

തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട ചിലരിൽ നിന്ന് വന്നതായി കണ്ടു. നവകേരള സദസ്സ് "അശ്ലീല നാടകമാണ്"എന്ന് ആക്ഷേപിച്ചതും കേട്ടു. ആരെയാണ് ഇതിലൂടെ അപമാനിക്കുന്നതും അവഹേളിക്കുന്നതും? ഇതിൽ പങ്കെടുക്കുന്ന ജനലക്ഷങ്ങളെയല്ലേ? ഇവരൊക്കെ അശ്ലീല പരിപാടിയിലാണോ എത്തുന്നത്? ജനലക്ഷങ്ങൾ ഒഴുകി വരുന്നത് തടയാൻ വേറെ മാർഗമില്ലാതായപ്പോൾ അതിനെ തടയാൻ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

ഒരു പത്രം ഇന്നലെ രണ്ടു ചിത്രങ്ങൾ ഉൾപ്പെടുത്തി ലഭിച്ച പരാതികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ എന്ന് വാർത്ത നൽകി. ലഭിച്ച കത്തുകൾ കൈപ്പറ്റി രേഖപ്പെടുത്തി സൂക്ഷിച്ചതിനു ശേഷം ഉപേക്ഷിച്ച കവറുകളുടെയും ആ ജോലി കസേരയിൽ ഇരുന്നു ചെയ്യുന്ന ജീവനക്കാരിയുടെ ബാഗും കാമറയിലെടുത്ത്, വ്യാജ വാർത്ത നൽകുകയാണ്. ലഭിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും രസീതും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പിന്നീട് പരാതികളുടെ സ്ഥിതി അറിയാനാണ് ഇത്. എന്തു ചെയ്യാം ഇത്തരം കുടില ബുദ്ധികളെയെല്ലാം അവഗണിച്ച് ജനങ്ങൾ നവകേരള സദസ്സിനെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.

ഇന്നലെ നാലു മണ്ഡലങ്ങളിൽ നിന്നുമായി ലഭിച്ചത് 9807 നിവേദനങ്ങളാണ്. പയ്യന്നൂരിൽ 2554, കല്യാശേരിയിൽ 2468, തളിപ്പറമ്പിൽ 2289, ഇരിക്കൂറിൽ 2496 എന്നിങ്ങനെയാണ് കണക്കുകൾ.

എല്ലാ ഭേദങ്ങൾക്കും അതീതമായി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് കേരളമെന്ന വികാരത്തിനായി നാടൊരുമിക്കുന്ന കാഴ്ചയാണ് എങ്ങുമുള്ളത്. സാധാരണക്കാർക്ക് സമീപിക്കാനാവാത്ത ഒന്നാണ് സർക്കാരെന്ന പൊതുധാരണയെ ഇല്ലാതാക്കുക എന്നതാണ് ഈ സർക്കാരിന്റെ നയം. അതിന്‍റെ മനോഹരമായ ആവിഷ്കാരമാണ് നവകേരള സദസ്സുകൾ എന്നതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത.

കർഷകരുടെയും തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും പാചക തൊഴിലാളികളുടെയും ഹരിതകർമ്മ സേനയുടെയും അക്കാദമിക് വിദഗ്ധരുടെയും കലാ, സാംസ്കാരിക പ്രവർത്തകരുടെയും വിവിധ മേഖലകളിലെ പ്രഫഷനലുകളുടെയും വ്യവസായികളുടെയും-ഇങ്ങനെ സമൂഹത്തിന്‍റെയാകെ പ്രാതിനിധ്യമാണ് ഓരോ ദിവസത്തേയും പര്യടനത്തിന് മുമ്പ് ചേരുന്ന പ്രഭാത യോഗത്തിൽ ഉണ്ടാകുന്നത്. ഓരോരുത്തർക്കും സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ലോകത്തിനു മുന്നിൽ ജനാധിപത്യത്തിന്‍റെ മറ്റൊരു മഹനീയ മാതൃക കൂടി കേരളം ഉയർത്തുകയാണ്.

ഇന്നും നാളെയും കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലാണ് സദസ്സുകൾ ചേരുന്നത്. നാളെ തലശ്ശേരിയിൽ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanNava kerala Sadas
News Summary - The Kerala Chief Minister said that the conflict is being created to stop the flow of lakhs of people
Next Story