പാർട്ടി വോട്ടുകൾ ചോർന്നിട്ടില്ല, ഉമ്മൻചാണ്ടിയോടുള്ള അനുകമ്പ വോട്ടായെന്ന് കേരള കോൺഗ്രസ് എം
text_fieldsകോട്ടയം: പുതുപ്പള്ളിയിൽ പാർട്ടി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ലഭിച്ചെന്ന വാർത്ത തള്ളി കേരള കോൺഗ്രസ് മാണി വിഭാഗം. യു.ഡി.എഫ് വിജയത്തിന് പിന്നിൽ സഹതാപ തരംഗമെന്ന് കേരള കോൺഗ്രസ് എം ജില്ല അധ്യക്ഷൻ ലോപ്പസ് മാത്യു പറഞ്ഞു.
കേരള കോൺഗ്രസിന്‍റെ വോട്ടുകൾ ചോർന്നിട്ടില്ല. ഉമ്മൻചാണ്ടി മുൻനിർത്തിയുള്ള യു.ഡി.എഫ് പ്രചാരണം ഫലം കണ്ടു. ഉപതെരഞ്ഞെടുപ്പ് വേഗത്തിലാക്കിയത് തിരിച്ചടിയായെന്നും ലോപ്പസ് മാത്യു വ്യക്തമാക്കി.
പുതുപ്പള്ളിയിലെ വികസന മുരടിപ്പാണ് ആദ്യം മുതൽ എൽ.ഡി.എഫ് ചർച്ചയാക്കിയത്. ഈ ചർച്ച ആഴത്തിലെത്തിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ഉമ്മൻചാണ്ടിയോടുള്ള അനുകമ്പ മകൻ ചാണ്ടി ഉമ്മന് ലഭിച്ചെന്നും ലോപ്പസ് മാത്യു ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന്‍റെ വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചതാണ് ചാണ്ടി ഉമ്മന്‍റെ വിജയത്തിന്‍റെ ഒരു ഘടകമെന്ന നിലയിൽ വാർത്തകൾ വന്നിരുന്നു. കേരള കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ അകലകുന്നം പഞ്ചായത്തിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസിന് വോട്ട് കുറഞ്ഞത് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
അകലകുന്നം പഞ്ചായത്തിൽ 4151 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഇത്തവണ ചാണ്ടി ഉമ്മൻ നേടിയത്. ചാണ്ടി 7255 വോട്ടും ജെയ്ക് 3104 വോട്ടും നേടി. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിക്ക് 1819 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഉമ്മൻചാണ്ടി 5941 വോട്ടും ജെയ്ക് 4132 വോട്ടുമാണ് ആകെ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.