കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയത്തെ ബി.ജെ.പിയുടെ ഏക എം.എൽ.എ ഒ. രാജഗോപാലും അനുകൂലിച്ചു. പ്രമേയത്തിലെ പരാമർശങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ച രാജഗോപാൽ പേക്ഷ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. പുറത്തിറങ്ങിയ രാജഗോപാൽ താൻ പ്രമേയത്തെ അനുകൂലിച്ചെന്ന് മാധ്യമങ്ങളോട് പറഞ്ഞത് ബി.ജെ.പിയെ വെട്ടിലാക്കി. വിവാദമായതോടെ അദ്ദേഹം നിലപാട് മാറ്റി.
പ്രമേയത്തെ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒരുപോലെ പിന്തുണച്ചു. കർഷകരെ ദ്രോഹിക്കുന്ന മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കർഷകസമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചത്. ഡിസംബർ 23ന് സമ്മേളനം ചേരാൻ നിശ്ചയിെച്ചങ്കിലും അവസാനനിമിഷം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനുമതി നിഷേധിച്ചു. ഒരു മണിക്കൂറാണ് സമ്മേളനം നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടു മണിക്കൂറോളം നീണ്ടു. പ്രതിപക്ഷത്തുനിന്ന് കെ.സി. ജോസഫ് മൂന്നു ഭേദഗതി ഉന്നയിച്ചെങ്കിലും കർഷകരെ ചർച്ചക്ക് വിളിക്കാത്ത പ്രധാനമന്ത്രിക്കെതിരായ വിമർശനം കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് പ്രമേയത്തിലുള്ളത്.
കർഷക പ്രക്ഷോഭം തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയത്തിൽ പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം പട്ടിണിയിലേക്ക് വഴുതിവീഴും. കോവിഡ് വ്യാപന ഘട്ടത്തിൽ അതിെൻറ പ്രത്യാഘാതം ഒരുതരത്തിലും കേരളത്തിന് താങ്ങാനാകില്ല. കേന്ദ്ര നിയമഭേദഗതി കോർപറേറ്റുകൾക്ക് വേണ്ടിയാണെന്നും പുതിയ നിയമം കർഷകരിൽ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരീക്ഷണത്തിലായതിനാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തിൽ പങ്കെടുത്തില്ല. വി.എസ്. അച്യുതാനന്ദൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എന്നിവരും എത്തിയില്ല. കേന്ദ്ര നിയമത്തിന് ബദലായി കേരളത്തിൽ നിയമം കൊണ്ടുവരുന്നതിന് നിയമവശങ്ങൾ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സഭയുടെ അവസാന സമ്മേളനം ജനുവരി എട്ടിന് ആരംഭിക്കും. ഇൗ സമ്മേളനത്തിൽ ബജറ്റും അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.