മുസ്ലിം ‘അദൃശ്യകരം’; ഇസ്ലാമോേഫാബിയയുടെ കേരള മോഡൽ
text_fieldsവേതനവർധന ആവശ്യപ്പെട്ട് ആശാ വർക്കർമാർ ആരംഭിച്ച സമരം നേരിടാൻ, അവർക്കെതിരെ സംസ്ഥാന സർക്കാറും ഭരണകക്ഷിയായ സി.പി.എമ്മും വിവിധങ്ങളായ ആരോപണങ്ങൾ ഉന്നയിച്ചുവരുകയാണ്. ‘സമരം രാഷ്ട്രീയപ്രേരിതമാണെന്നും എസ്.യു.സി.ഐ, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവരാണ് സമരത്തിനു പിന്നിലെന്നുമുള്ള’ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണമാണ് ഏറ്റവും ഒടുവിലേത്.
എന്തിലും ഏതിലും ഒരു മുസ്ലിം ‘അദൃശ്യകരം’ തിരയുന്ന സമകാലിക ഇന്ത്യയിലെയും കേരളത്തിലെയും ‘ഇസ്ലാമോഫോബിക്’ ആശയമണ്ഡലത്തിലെ ഏറ്റവും പുതിയ ഉദാഹരണം കൂടിയാണിത്. മുസ്ലിം വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇങ്ങനെ അദൃശ്യകരങ്ങളായി പലരുടെയും പ്രസ്താവനകളിലൂടെ പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന കേരളത്തിലെ ഏതാനും പ്രസ്താവനകൾ പരിശോധിച്ചാൽ ഈ പ്രവണത തിരിച്ചറിയാൻ കഴിയും.
ഇത് വംശീയ പ്രചാരവേല
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, ധൈഷണിക മേഖലകളെ മുച്ചൂടും നിയന്ത്രിക്കുന്ന സർവവ്യാപിയായ ‘മുസ്ലിം അദൃശ്യകരം’ എന്ന ഇസ്ലാമോഫോബിക് മിത്ത് പല ചരിത്രഘട്ടങ്ങളിലും ഉയർന്നുവന്നിട്ടുണ്ട്. വസ്തുതയെന്നതിനേക്കാൾ വസ്തുതകളെ വ്യാഖ്യാനിക്കുന്ന രൂപകസ്വഭാവമാണ് ഇതിനുള്ളത്.
ഭാഷാ രൂപകങ്ങൾ എന്നത് സമാനതകൾ, അപൂർവ നാമങ്ങൾ, ഉദാഹരണങ്ങൾ, പ്രയോഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ഇവയ്ക്ക് ഒരു വംശീയ പ്രചാരവേലയുടെ സ്വഭാവവുമുണ്ട്. അദൃശ്യകരം എന്നത് ഇസ്ലാമോഫോബിയ പടർത്തുന്നവരുടെ കൈയിലെ യുക്തിരഹിതവും വസ്തുതാ വിരുദ്ധവുമായ ഒരു ഭാഷാരൂപകം മാത്രമാണ്. ഇവിടെ ചർച്ച ചെയ്യുന്ന ചില പ്രസ്താവനകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇവയുടെ എണ്ണവും പ്രചാരണവും കരുതുന്നതിലേറെ വിപുലമാണ്.
പിന്നിൽ ഭീകരത, താലിബാൻ മോഡൽ, തീവ്രവാദം?
ജനുവരി 17: എറണാകുളം മഹാരാജാസ് കോളജ് കാമ്പസിൽ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിനു ശേഷം എസ്.എഫ്.ഐക്കാർ ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ചു. എന്നാൽ, നിരോധിത സംഘടനയായ കാമ്പസ് ഫ്രണ്ടുകാർ ഫ്രറ്റേണിറ്റിയിൽ ‘നുഴഞ്ഞു കയറി’യെന്നായിരുന്നു എസ്.എഫ്.ഐ നേതാവ് പി.എം. ആർഷോയുടെ ആരോപണം. ‘ഭീകരത’ എന്നായിരുന്നു സംഘർഷത്തെ വിശേഷിപ്പിച്ചത്.
മാർച്ച് 1: ക്രൂരമായ റാഗിങ്ങിന് ഇരയായി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും എസ്.എഫ്.ഐ ബന്ധമുള്ളവരായിരുന്നു. കർമ ന്യൂസ് എന്ന ഓൺലൈൻ ചാനലിൽ വാർത്ത വന്നത് ‘‘പൂക്കോട് നടന്നത് താലിബാൻ മോഡൽ കൊലപാതകം’’ എന്നായിരുന്നു.

പ്രത്യക്ഷത്തിൽ മുസ്ലിംകളുമായി ബന്ധമില്ലാത്ത ഈ സംഭവത്തിലും ‘പിന്നിൽ’ എന്ന രൂപകം ഉപയോഗിച്ച് മുസ്ലിം ‘ഭീകരത’ ‘താലിബാൻ മോഡൽ’ തുടങ്ങിയ അർഥങ്ങൾ ആരോപിച്ചു.
റാഞ്ചികൾ, സംഘടനാതലം ചലിപ്പിച്ചവർ, മുഖം നഷ്ടപ്പെട്ടവർ
മുസ്ലിം അദൃശ്യകരങ്ങളെക്കുറിച്ച ചർച്ച കൂടുതൽ വികസിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ്.
ഏപ്രിൽ 1: ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ‘സംഘടനാതലം ചലിപ്പിച്ചത്’ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ.
മേയ് 2: യു.ഡി.എഫ് കാമ്പയിൻ എസ്.ഡി.പി.ഐ ഏറ്റെടുത്തെന്ന് ഇടതു ചരിത്രകാരൻ കെ.എൻ. ഗണേഷ്.
ജൂൺ 1: മുസ് ലിം ലീഗിനെ ജമാഅത്തെ ഇസ് ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ വർഗീയ ശക്തികൾ ‘റാഞ്ചി’യെന്ന് എ.കെ. ബാലൻ.
ജൂൺ 22: യു.ഡി.എഫിലെ പ്രധാന കക്ഷിയായ ലീഗിന്റെ ‘മുഖം നഷ്ടപ്പെട്ടെന്ന’ പ്രയോഗമായിരുന്നു മുഖ്യന്ത്രി പിണറായി വിജയൻ നടത്തിയത്. ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും മുഖമായാൽ എങ്ങനെയിരിക്കും എന്നാണ് ചോദ്യം. ‘റാഞ്ചികൾ’, ‘സംഘടനാതലം പിറകിൽനിന്ന് ചലിപ്പിച്ചവർ’, ‘മുഖം നഷ്ടപ്പെട്ടവർ’ തുടങ്ങിയ ഭാഷാ രൂപകങ്ങൾ മുസ്ലിം അദൃശ്യകരത്തെക്കുറിച്ചുള്ള ഭീതി ഉൽപാദിപ്പിക്കുന്നതായിരുന്നു.
എന്നാൽ, ഈ പ്രയോഗങ്ങൾ ഒന്നും തന്നെ മത സൂചനകൾ ഇല്ലാത്തതായിരുന്നു. എന്നാൽ, പിന്നീട് മത സൂചനയുള്ള അർഥങ്ങളും ‘പിന്നിലുള്ള മുസ്ലിം’ എന്ന രൂപകത്തിനു കൈവന്നു. ഫലപ്രഖ്യാപനത്തിനുശേഷം മുസ്ലിം സംഘടനകളെ ആക്ഷേപിക്കാൻ സി.പി.എം ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കാണ് ‘മതരാഷ്ട്രവാദം’.
ഇക്കാലയളവിൽ സി.പി.എം സംസ്ഥാന സെക്രട്ടറി. എം.വി. ഗോവിന്ദനാണ് ഈ വാക്ക് കൂടുതൽ തവണ ഉപയോഗിച്ചത്. കെ.കെ. ശൈലജ നിയമസഭയിലും ഇതുപയോഗിച്ചു.
ജൂൺ 28: സി.പി.എം നേതാവ് പുത്തലത്ത് ദിനേശൻ ദേശാഭിമാനിയിൽ ‘ലീഗിന്റെ ചുവടുമാറ്റവും സി.പി.എം നിലപാടും' എന്ന ശീർഷകത്തിലെഴുതിയ ലേഖനത്തിലും ഇത് ആവർത്തിച്ചു. ലീഗിന്റെ അഭിപ്രായങ്ങൾ ‘ജമാഅത്തെ ഇസ്ലാമിയുടെ മൂശ’യിൽ രൂപപ്പെട്ടതാണെന്ന് കുറ്റപ്പെടുത്തി. മതരാഷ്ട്രവാദ ആരോപണത്തിലായിരുന്നു ഊന്നൽ.
പി.വി. അൻവറിനു പിന്നിൽ?
സെപ്റ്റംബർ 1: നിലമ്പൂർ എം.എൽ.എ ആയിരുന്ന പി.വി. അൻവർ പൊലീസിനെതിരെയും സി.പി.എമ്മിനെതിരെയും ഉയർത്തിയ വിമർശനങ്ങൾ പല തലത്തിൽ വളരുന്നതിനിടയിൽ, അൻവറിനു പിന്നിൽ സമസ്തയും ജമാഅത്തും അടക്കമുള്ള മുസ് ലിം സംഘടനകളാണ് എന്ന് മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ആരോപണമുന്നയിച്ചു.
സെപ്റ്റംബർ 28: അൻവർ ‘തീവ്രവാദശക്തികളുടെ തടവറ’യിലെന്നു സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ആരോപിച്ചു.
സെപ്റ്റംബർ 29: അൻവർ ജമാഅത്തെ ഇസ് ലാമിയുടെ ഉപഗ്രഹമാണെന്ന് സി.പി.എം വക്താവ് അഡ്വ.കെ.അനിൽ കുമാർ.
ഒക്ടോബർ 2: അൻവറിനു പിന്നിൽ കോൺഗ്രസ്, ലീഗ്, ജമാഅത്തെ ഇസ്ലാമി കൂട്ടുമുന്നണിയാണെന്ന് എം.വി. ഗോവിന്ദൻ.
ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ?
ഒക്ടോബറിൽ വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടന്നു. ഇതിനോടനുബന്ധിച്ച് അദൃശ്യകരം തെരയൽ സജീവമായി.
നവംബർ 15: ‘ബി.ജെ.പിയെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയെ കൂടെ കൂട്ടിയാണോ പോകേണ്ടത് എന്ന് വി.ഡി. സതീശനോട് ചോദിച്ചുകൊണ്ട് സി.പി.എം നേതാവ് എ.എ. റഹീം ചർച്ചക്ക് തുടക്കമിട്ടു.
നവംബർ 18: ലീഗ്, ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ‘ആശയ തടങ്കലിലാ’ണെന്നായിരുന്നു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം. നേരത്തേ സമസ്ത, ജമാഅത്തെ ഇസ്ലാമിയുടെ ‘തടവറ’യിലാണെന്നും (വി. വസീഫ്) ഉള്ള ആരോപണമായിരുന്നുവെങ്കിൽ, ‘ആശയത്തടങ്കൽ’ എന്ന പ്രയോഗമാണ് ഇവിടെ ഗോവിന്ദൻ നടത്തിയത്.
പിന്നീട് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപണം പുതിയ രീതിയിൽ ഏറ്റെടുത്തു. പോപുലർ ഫ്രണ്ടുമായി വി.ഡി.സതീശൻ ധാരണയുണ്ടാക്കിയെന്നും കോൺഗ്രസ് പൂർണമായും ‘പി.എഫ്.ഐവത്കപ്പെട്ടു’വെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
നവംബർ 23: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് ജയിച്ചത്, എസ്.ഡി.പി.ഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും പിന്തുണ കോൺഗ്രസിന് കിട്ടിയതിനാലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
നവംബർ 24: പാലക്കാട്ടെ മുസ്ലിം വോട്ടുകൾ നിയന്ത്രിക്കുന്നത് എസ്.ഡി.പി.ഐയാണോ എന്ന ചോദ്യത്തിന്, ഇടത് സ്ഥാനാർഥി പി. സരിന്റെ മറുപടി ‘അങ്ങനെ വേണം അനുമാനിക്കാനെ’ന്നായിരുന്നു.
ഡിസംബർ 21: പിന്നിൽ മാത്രമല്ല മുന്നിലും മുസ്ലിം കക്ഷികൾ എന്ന നവീന വ്യാഖ്യാനം പരിചയപ്പെടുത്തി എ. വിജയരാഘവൻ വംശീയ പ്രചാരണത്തെ ശക്തമാക്കി.
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദവും
മുഖ്യമന്ത്രി പിണറായി വിജയൻ, ദ ഹിന്ദുവിനു നല്കിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെക്കുറിച്ചും കരിപ്പൂരിനെ കുറിച്ചും നടത്തിയ പരാമർശങ്ങൾ വിവാദമായി.
ഒക്ടോബർ 1: പിന്നിൽ ജമാഅത്തെ ഇസ് ലാമിയാണെന്നും ‘യു.ഡി.എഫിന്റെ സ്ലീപിങ് പാർട്ണറായി’ പ്രവർത്തിക്കുന്ന അവർ ‘ന്യൂനപക്ഷ വർഗീയത’ വളർത്താൻ ശ്രമിക്കയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
ഒക്ടോബർ 2: അഭിമുഖത്തിൽ മലപ്പുറത്തെ സ്വർണക്കടത്ത് പരാമർശം മുഖ്യമന്ത്രി പിൻവലിച്ചത് മുസ് ലിം സംഘടനകൾ കണ്ണുരുട്ടിയതുകൊണ്ടെന്ന് ജന്മഭൂമി പത്രം. അൻവറും ലീഗും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് കെ. സുരേന്ദ്രനും ആരോപിച്ചു.
ഒക്ടോബർ 10: മുഖ്യമന്ത്രിയുടെ പരാമർത്തിൽ തെറ്റില്ലെന്നാണ് ഹിന്ദു ഐക്യവേദി വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ അഭിപ്രായം.
ചുരുക്കത്തിൽ, ഇടതുപക്ഷ മുഖ്യമന്ത്രിയെ വരെ നിയന്ത്രിക്കുന്ന ‘മുസ്ലിം അദൃശ്യകരം’ എന്ന പ്രചാരണമാണ് സംഘ്പരിവാർ നടത്തിയത്.
ജമാഅത്ത്- മാവോവാദി കൂട്ടുകെട്ടോ?
മുസ്ലിം സംഘടനകൾ കമ്യൂണിസ്റ്റുകളെ പോലും നിയന്ത്രിക്കുന്നെന്ന പ്രചാരണം സംഘ്പരിവാർ മാത്രമല്ല നടത്തുന്നത്. ജനകീയ സമരങ്ങൾ, മനുഷ്യാവകാശ പ്രവർത്തനം എന്നിവ ജമാഅത്ത്-മാവോ വാദി കൂട്ടുകെട്ടിന്റെ ഭാഗമാണെന്നായി രുന്നു പി. ജയരാജന്റെ കണ്ടെത്തൽ.
ഡിസംബർ 8: ‘കീഴാറ്റൂർ വയൽക്കിളി സമരത്തിന്റെ സംഘാടനം നടത്തിയത് ജമാഅത്തെ ഇസ്ലാമിയാണ്’ . ‘മാവോവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ആശയതലത്തിലും പ്രായോഗികമായും യോജിച്ചുപ്രവർത്തിക്കുന്നു’ മതപരമായി മാത്രമല്ല, മതേതരമായും ‘മുസ്ലിം അദൃശ്യകരം’ പ്രവർത്തിക്കുന്നെന്ന പ്രചാരണ മാതൃകയാണിത്.
കള്ളക്കടത്തിനും ലഹരിക്കും പിന്തുണ?
സെപ്റ്റംബർ 21: കള്ളക്കടത്തിനെയും ഹവാല ഇടപാടിനെയും ലീഗുമായും വിശ്വാസികളുമായും ബന്ധപ്പെടുത്തുന്ന രീതിയിലായിരുന്നു, സി.പി.എം സഹയാത്രികനും മുൻ മന്ത്രിയുമായ കെ.ടി. ജലീലിന്റേത്. കള്ളക്കടത്ത് കേസിൽ പിടിക്കപ്പെടുന്നവരിൽ 80 ശതമാനം ലീഗുകാരാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

2025 മാർച്ച് 16: മദ്റസയിൽ പോകുന്ന മുസ് ലിംകുട്ടികളാണ് ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ ഭൂരിഭാഗവുമെന്നും ജലീൽ പറയുന്നു. അഞ്ചാറ് മാസത്തിനിടയിൽ മലബാറിൽ നടന്ന മയക്കുമരുന്നു കേസുകളിൽ പിടിക്കപ്പെട്ട 200 കേസുകൾ പരിശോധിച്ചപ്പോൾ അതിൽ 61ശതമാനവും മുസ്ലിം പേരുള്ളവരാണെന്നാണ് അദ്ദേഹം കണ്ടെത്തിയത്.
ലീഗിൽ പരിമിതപ്പെടുത്തിയ കള്ളക്കടത്ത് ആരോപണം, ലഹരിക്കേസിൽ മദ്റസകളുടെയും മുസ് ലിം യുവാക്കളുടെയും ബാധ്യതയാക്കി ജലീൽ മാറ്റി.
ആരുടെ വ്യായാമ ക്കൂട്ടായ്മ?
പൊതുസാമൂഹിക സംരംഭങ്ങളിലും ‘മുസ്ലിം അദൃശ്യകരം’ എന്ആരോപണം പ്രവർത്തിക്കുന്നെന്നതിന്റതെളിവാണ് മെക് 7 വിവാദം.
നവംബർ 3: കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമുൾപ്പെടെ മലയാളികൾക്കിടയിൽ പ്രചാരം നേടിയ മെക് 7 എന്ന വ്യായാമ മുറയ്ക്കു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും പോപുലർ ഫ്രണ്ടുമാണെന്നും ‘മതരാഷ്ട്രവാദം’ ഒളിച്ചു കടത്താനുള്ള ശ്രമമാണന്നുമായിരുന്നു സി.പി.എം നേതാവ് പി. മോഹനന്റെ ആരോപണം.
ഡിസംബർ 14: വി. മുരളീധരനെപ്പോലുള്ള ബി.ജെ.പി നേതാക്കൾ ഇതിനോട് യോജിച്ചു.
ഡിസംബർ 13: പിന്നിൽ മതഭീകര സംഘടനകളാണെന്നായിരുന്നു ജന്മഭൂമിയുടെ ആരോപണം.
പിന്നീട് പി. മോഹനൻ നിലപാട് തിരുത്തി. മോഹനന്റെ മാറ്റത്തെ ജന്മഭൂമി ‘പാർട്ടിക്കുള്ളിലെ ജിഹാദികളുടെ വിജയമായും’ റിയാസ് പാർട്ടിയിൽ പിടിമുറുക്കുന്നതിന്റെ സൂചനയായും കണ്ടു (ഡിസംബര് 17). ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു, നിലപാട് മാറ്റം റിയാസിന്റെ ഭീഷണിയുടെ ഭാഗമാണെന്ന് ആരോപിച്ചു (ഡിസംബര് 16).
മുസ്ലിം അദൃശ്യകരം എന്ന സി.പി.എം പ്രചാരണം, അവർ ഉപേക്ഷിച്ചാലും സംഘ്പരിവാർ വ്യാഖ്യാനിച്ച് ഉപയോഗിക്കുമെന്നതിന്റെ മറ്റൊരുദാഹരണം.
പാർട്ടി നേതാക്കളെ തെരഞ്ഞെടു ക്കുന്നതാര്?
ഡിസംബർ 3: നാട്ടിലെ വിവിധ പാർട്ടികളിലെ നേതൃത്വത്തെ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നാണ് മുൻ മാധ്യമപ്രവർത്തകനും സി.പി.എം നേതാവുമായ നികേഷ് കുമാർ പറയുന്നത്.
ഡിസംബർ 1: ഡിസംബർ ഒന്നിന് ദീപിക, 'മറനീക്കുന്ന രഹസ്യബന്ധങ്ങൾ' എന്ന ശീർഷകത്തിൽ ദീപിക ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതിൽ, സി.പി.എമ്മും കോൺഗ്രസും ന്യൂനപക്ഷ സംഘടനകളുമായി രഹസ്യബന്ധത്തിലാണെന്ന് ആരോപിച്ചു.
കേരളത്തിലെ ഇടതു/വലതു കക്ഷി രാഷ്ട്രീയം മുസ് ലിം ന്യൂനപക്ഷ അദൃശ്യകരത്തിന്റെ പിടിയിലാണെന്ന് ദീപിക പറയുമ്പോൾ, അദൃശ്യകരത്തിന്റെ സ്വാധീനം നികേഷ് കുമാർ, യു.ഡി.എഫിലും ജമാഅത്തെ ഇസ്ലാമിയിലും ഒതുക്കിനിർത്തി.
സി.പി.എമ്മിനു പിന്നിൽ?
മുസ്ലിം സംഘടനകളെ അദൃശ്യകരം എന്ന വാർപ്പുമാതൃക ഉപയോഗിച്ച് നേരിടുന്ന സി.പി.എമ്മിനെ സമാനമായ ആരോപണങ്ങൽ ഉന്നയിച്ചാണ് സംഘ്പരിവാറും നേരിടുന്നത്. ജൂലൈയിൽ സി.പി.എം നേതാവും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ കേന്ദ്രീകരിച്ച് ഒരുപറ്റം ഇസ്ലാമോഫോബിക് പ്രചാരണങ്ങൾ ഉയർന്നുവന്നു.
ജൂലൈ 6: ഹിന്ദുത്വ പ്രചാരകൻ ടി.ജി. മോഹൻദാസ് നടത്തിയ ചില പരാമർശങ്ങളാണ് ഇതിനു ചുക്കാൻ പിടിച്ചത്. റിയാസ് സീനിയറായ നേതാവല്ലാതിരുന്നിട്ടും മന്ത്രിസഭയിലെ രണ്ടാമനാണ്. അദ്ദേഹം വ്യവസായി ഫാരിസ് അബൂബക്കറുടെ ആളാണ്. ഫാരിസ് പിണറായിയുടെ അടുപ്പക്കാരനും. ഇതാണ് റിയാസിന്റെ മേൽക്കോയ്മക്കു പിന്നിൽ. പാട്ടിയിൽ ഇസ്ലാമിന്റെ കടന്നുകയറ്റമുണ്ട്.
സാധാരണ മുസ്ലംകളുടെയല്ല, പോപുലർ ഫ്രണ്ട് ടൈപ് മുസ് ലിംകളുടെ. സി.പി.എമ്മിന്റെ ജില്ല കമ്മിറ്റികൾ ഇസ്ലാമിക തീവ്രവാദ ശക്തികൾ കൈയടക്കിക്കഴിഞ്ഞു- ഇതൊക്കെയായിരുന്നു മോഹൻദാസിന്റെ ആരോപണങ്ങൾ.
ജൂലൈ 16: കേരളത്തിലെ സി.പി.എമ്മെന്നു പറഞ്ഞാൽ ഇപ്പോളതൊരു വ്യക്തിയാണെന്നും എന്നാൽ, എല്ലാവരും വിചാരിക്കുന്നപോലെ അതു പിണറായിയല്ല, റിയാസാണെന്നും ബി.ജെ.പി സെക്രട്ടറി എം.ടി. രമേശും ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.