ജീവന്‍റെ തുടിപ്പുമായുള്ള പൊലീസിന്‍റെ ഓട്ടം വെറുതെയായില്ല
text_fieldsകോഴഞ്ചേരി: ജീവന്‍റെ തുടിപ്പുമായുള്ള ആ ഓട്ടം വെറുതെയായില്ല. മരിച്ചെന്ന് കരുതിയ നവജാത ശിശു രക്ഷപ്പെട്ടതോടെ പൊലീസ് സേനയുടെ ആശ്വാസത്തിന് അതിരുകളില്ലായിരുന്നു. കുഞ്ഞിന്‍റെ ജീവനും ബക്കറ്റിലാക്കി പൊലീസ് ഉദ്യോഗസ്ഥരുടെ ഓട്ടം കരളലിയിപ്പിക്കുന്നതായിരുന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ വ്യാപകമായി പ്രചരിച്ച ആ വിഡിയോ കണ്ടവരെല്ലാവർക്കും കുരുന്നിന്‍റെ ജീവന് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അമിത രക്തസ്രാവത്തെ തുടര്‍ന്ന് വല്ലന കോട്ട സ്വദേശിനിയായ യുവതി എത്തിയതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറെ അറിയിച്ചു. എന്നാല്‍, കുഞ്ഞ് ബക്കറ്റില്‍ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന ഒൻപത് വയസ്സുകാരനായ മൂത്ത മകന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ ഉടൻ ചെങ്ങന്നൂർ പൊലീസില്‍ വിവരം നല്‍കി.
യുവതിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടന്‍ പൊലീസ് ആശുപത്രിയിലെത്തി പ്രദേശവും വീടും ചോദിച്ചറിഞ്ഞു. കുട്ടിയെ ശുചിമുറിയിലെ ബക്കറ്റില്‍ സൂക്ഷിച്ചതായി അറിയിച്ചതോടെ യുവതി താമസിച്ചിരുന്ന വാടക വീട്ടിലേക്ക് പൊലീസ് സംഘം പാഞ്ഞു. ബക്കറ്റിലെ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ്.ഐ എം.സി. അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പൊലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി.
1.3 കിലോ ഭാരമുള്ള കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. 28 ആഴ്ച മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ കുട്ടി നിരീക്ഷണത്തിലാണ്. പൊലീസിന്‍റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഈ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയത്. സംഭവം അറിഞ്ഞ് പ്രദേശത്തിന്‍റെ ചുമതലയുള്ള ആറന്മുള പൊലീസും സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനോട് ചേർന്ന പത്തനംതിട്ട ജില്ല അതിർത്തിയായ വല്ലന കോട്ടയിലാണ് യുവതിയുടെ താമസം.
ദുരൂഹതയുണ്ടെന്ന് വാർഡ് അംഗം
കോഴഞ്ചേരി: സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആറന്മുള പഞ്ചായത്തിലെ വല്ലന കോട്ട വാർഡ് 15ാം വാർഡ് അംഗം ഉഷ രാജേന്ദ്രൻ പറഞ്ഞു. പെൺകുട്ടി ഗർഭിണി ആണെന്ന വിവരം അറിയില്ലായിരുന്നു. യുവതിക്ക് എന്തോ ചതി സംഭവിച്ചിട്ടുണ്ടെന്നാണ് സംശയം. ദിവസങ്ങൾക്ക് മുമ്പ് മുക്ക് പണ്ടം പണയം വെച്ചതിന് യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വർഷങ്ങളായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ വീട് പണിക്കായി പൊളിച്ചിട്ട സാഹചര്യത്തിലാണ് വാടക വീട്ടിൽ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.