Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളസവാരി ആഗസ്റ്റ്...

കേരളസവാരി ആഗസ്റ്റ് 17നെത്തും

text_fields
bookmark_border
കേരളസവാരി ആഗസ്റ്റ് 17നെത്തും
cancel

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ആഗസ്റ്റ് 17ന് നിരത്തിലെത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്സി സംവിധാനത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കേരളസവാരിയിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര അംഗീകൃത നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുന്നതിനൊപ്പം മോട്ടോർ തൊഴിലാളികൾക്കും അതേ നിരക്ക് ലഭിക്കുന്നത് ഉറപ്പാക്കും.

തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനം പഠനവിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പി.ആർ ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളസവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ ടാക്സി നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് ഈടാക്കുക.മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ അത് 25 ശതമാനത്തിലും മുകളിലാണ്.

സർവീസ് ചാർജായി ഈടാക്കുന്ന എട്ടുശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്റീവ്‌സ് നൽകുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്തും.നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട്.

തിരക്കുള്ള സമയങ്ങളിൽ കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ്ജ് വർധിപ്പിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. കേരളസവാരിയിൽ അത്തരം നിരക്ക് വർധനവ് ഉണ്ടാവുകയില്ലെന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ടുന്ന ന്യായമായ കൂലി അവർക്ക് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൃത്യമായ കാരണങ്ങളോടെ യാത്രക്കാരനും ഡ്രൈവർക്കും ബുക്കിംഗ് ക്യാൻസൽ ചെയ്യാം. അകാരണമായുള്ള ക്യാൻസലേഷന് ചെറിയ തുക ഫൈൻ നൽകേണ്ടിവരും

യാത്രക്കാരുടെ സുരക്ഷയ്ക്ക് കേരളസവാരിയിൽ ഏറെ കരുതലാണ് നൽകിയിട്ടുള്ളത്. പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഒരു പദ്ധതിയാണിത്. ഡ്രൈവർമാരുടെ രജിസ്ട്രേഷൻ മുതൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. . പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്ക് മാത്രമേ പദ്ധതിയിൽ അംഗമാകാനാവു. കേരളസവാരി ആപ്പിൽ പാനിക് ബട്ടൺ സംവിധാനമുണ്ട്. അപകടസാഹചര്യങ്ങളിൽ ഈ ബട്ടൺ അമർത്താം. തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാവും.

ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവർക്കോ ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കുകയില്ല. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്‌സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് നേരിട്ട് വിവരമെത്തും. സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി വാഹനങ്ങളിൽ സബ്‌സിഡി നിരക്കിൽ ജീ പി എസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട് ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും.

.

പദ്ധതിയിൽ അംഗങ്ങളാകുന്ന മോട്ടോർ തൊഴിലാളികൾക്ക് ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ,ബാറ്ററി എന്നിവയ്ക്ക് ബന്ധപ്പെട്ട ഏജൻസി വഴി ഡിസ്‌കൗണ്ട് ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്‌സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.

ടൂറിസ്റ്റ് ഗൈഡുകളെപോലെ പ്രവർത്തിക്കാവുന്നതരത്തിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകും. വാഹനങ്ങളിൽ പരസ്യങ്ങൾ ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. ഇതിനാവശ്യമായ ഡിവൈസുകൾ തൊഴിൽ വകുപ്പ് നൽകും. പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും തൊഴിലാളികൾക്കും ബാക്കി യാത്രക്കാർക്ക് പ്രമോഷണൽ ഓഫറുകൾ നൽകാനും ഉപയോഗിക്കും. എയർപോർട്ട്, റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കേരള സവാരിക്കായി പ്രത്യേക പാർക്കിംഗ് സംവിധാനമൊരുക്കും.

വാഹനങ്ങൾ തിരിച്ചറിയാൻ കേരള സവാരി സ്റ്റിക്കറുകൾ പതിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വനിതാ ഡ്രൈവർമാരടക്കം 500 ഓട്ടോ -ടാക്‌സി ഡ്രൈവർമാർ പദ്ധതിയിൽ അംഗങ്ങളാണ്. ഇവർക്ക് വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശീലനം നൽകിയതായും മന്ത്രി അറിയിച്ചു.

പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്.

കേരള സവാരിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി,ലേബർ കമ്മിഷണർ അനുപമ ടിവി, മോട്ടോർ തൊഴിലാളി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അഡി ലേബർ കമ്മിഷണറുമായ രഞ്ജിത് മനോഹർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala savari
News Summary - The Kerala savari will reach August 17
Next Story