കേരളീയ സമൂഹം കാത്തിരുന്ന വിധിയെന്ന് വനിത കമീഷന്‍
text_fieldsതിരുവനന്തപുരം : ആലുവയില്‍ അതിഥി തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനു ലഭിച്ച വധശിക്ഷയും അഞ്ച് ജീവപര്യന്തവും കേരളീയ സമൂഹം ആകെ കാത്തിരുന്ന വിധിയാണെന്ന് വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ശിക്ഷാവിധി സംബന്ധിച്ച് കോഴിക്കോട് പ്രതികരിക്കുകയായിരുന്നു വനിത കമീഷന്‍ അധ്യക്ഷ.
കേരളത്തില്‍ ആദ്യമായാണ് ഇത്രയും വേഗത്തില്‍ ഒരു വിധി വന്നിട്ടുള്ളത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. എല്ലാവരും ഈ വിധിയെ സ്വാഗതം ചെയ്യുക മാത്രമല്ല, ഏറ്റവും കഠിനമായ ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. കുറ്റവാളികള്‍ മിക്കവാറും ലഹരിവസ്തുക്കളുടെ അടിമകളാണ് എന്നതാണ് സമീപകാലത്തുണ്ടായിട്ടുള്ള കുറ്റകൃത്യങ്ങളിലൊക്കെ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളത്.
മയക്കുമരുന്നും മദ്യവും എവിടെയാണ് വിറ്റഴിക്കപ്പെടുന്നതെന്നും ഏതാണ് അതിന്റെ ഉറവിടം എന്നും കണ്ടെത്തുന്നതിനു വേണ്ടിയുള്ള നല്ല ജാഗ്രത പൊതുസമൂഹത്തിനുണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായിട്ടുള്ള ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാകണം. പോലീസ്, എക്‌സൈസ് വകുപ്പുകള്‍ക്ക് ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കുന്നതിന് ആവശ്യമായ രൂപത്തില്‍ നല്ല കരുതല്‍ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കേണ്ട ആവശ്യമുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് മയക്കുമരുന്നിനെ കുറിച്ച് കൃത്യമായ അവബോധം നല്‍കണം. മറ്റുള്ളവരുമായി ഇടപഴകുന്ന സമയത്ത് ജാഗ്രത പുലര്‍ത്തേണ്ടതു സംബന്ധിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ പ്രത്യേക കാമ്പ് വനിത കമ്മിഷന്‍ സംഘടിപ്പിക്കും. എറണാകുളം ജില്ലയിലെ വാഴക്കുളം സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ നവംബര്‍ 15നും കീഴ്മാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 16നും രാവിലെ 10ന് അതിഥി തൊഴിലാളികളുടെയും പൊലീസ്, എക്‌സൈസ് വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ വനിത കമീഷന്‍ പ്രത്യേക ബോധവല്‍ക്കരണ കാമ്പ് നടത്തും.
പൊതുസമൂഹത്തിന്റെ ജാഗ്രതയാണ് ഇക്കാര്യത്തിലെല്ലാം വേണ്ടത്. അതിഥി തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടിയെ ഏറ്റവും നിഷ്ഠൂരമായ പീഡനത്തിന് ഇരയാക്കിയ കാര്യം വെളിച്ചത്ത് കൊണ്ടുവന്നത് ആലുവയിലെ ചുമട്ടു തൊഴിലാളികളാണ്. പ്രതിയെ പെട്ടെന്നു തന്നെ പിടിക്കുന്നതിനും ഇവരുടെ ജാഗ്രത സഹായകമായി. കരുതലിന്റെ അന്തരീക്ഷം നമ്മുടെ സമൂഹത്തില്‍ ഉണ്ടാകണം എന്നാണ് ഇതു വ്യക്തമാക്കുന്നത്. ഈ കരുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് അനിവാര്യമായിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുട ഭാഗമായി ജാഗ്രതാ സമിതികള്‍ വാര്‍ഡ് തലത്തില്‍ ഏറ്റവും നല്ല കരുതലിന്റെ കാവലാളുകളായി മാറുന്നതിനുള്ള സാഹചര്യം ഒരുക്കാനാണ് കൂട്ടായുള്ള ശ്രമം അനിവാര്യമായിരിക്കുന്നത്. കുറ്റമറ്റ രൂപത്തില്‍ അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംവിധാനത്തെയും കോടതിയില്‍ പരമാവധി വേഗം വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയ പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നതായും വനിത കമീഷന്‍ അധ്യക്ഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.