‘ദ കേരള സ്റ്റോറി’ ഹൈകോടതിക്ക് നേരത്തേ കേൾക്കാം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്നതെന്ന് ആക്ഷേപമുയർന്ന പ്രൊപഗൻഡ സിനിമ ‘ദ കേരള സ്റ്റോറി’ ഈ മാസം അഞ്ചിന് പ്രദർശനത്തിനെത്തുന്ന സാഹചര്യത്തിൽ അതിനെതിരായ ഹരജികൾ കേരള ഹൈകോടതിക്ക് നേരത്തേ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. സിനിമക്കെതിരായ ഹരജികളുമായി വൃന്ദാ ഗ്രോവറിനും ജംഇയ്യത്തുൽ ഉലമായെ ഹിന്ദിനും കേരള ഹൈകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ ശേഷമാണ് സുപ്രീംകോടതി ഉത്തരവിൽ ഇതും കൂടി ചേർത്തത്. സിനിമക്കെതിരായ ഹരജികൾ റിലീസിന് മുമ്പേ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ കേരള ഹൈകോടതി കേസ് അഞ്ചിലേക്ക് മാറ്റിയത് കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഭരണഘടനയുടെ 226ാം അനുഛേദം അനുസരിച്ച് സർക്കാറുകൾക്ക് നിർദേശം നൽകാൻ ഹൈകോടതിക്ക് അധികാരമുണ്ടെന്നും അത്തരം വിഷയത്തിൽ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കുന്നത് അനുവദിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
പ്രദർശനം പൂർണമായും വിലക്കണമെന്ന് ആവശ്യപ്പെട്ട ജംഇയ്യത്തുൽ ഉലമായെ ഹിന്ദിനോടും, സിനിമ പൂർണമായും കഥയാണെന്നും യാഥാർഥ്യമല്ലെന്നും എഴുതിക്കാണിച്ച് പ്രദർശിപ്പിച്ചാൽ മതിയെന്ന് ആവശ്യപ്പെട്ട അഡ്വ. വൃന്ദാ ഗ്രോവറിനോടുമാണ് കേരള ഹൈകോടതിയെ സമീപിക്കാൻ പറഞ്ഞത്. മേയ് അഞ്ചിന് റിലീസ് ചെയ്യുന്നതിനാൽ ഹരജി സുപ്രീംകോടതി വ്യാഴാഴ്ച അടിയന്തരമായി പരിഗണിക്കണമെന്നാണ് അഡ്വ. വൃന്ദാ ഗ്രോവറും ജംഇയ്യത്തിന് വേണ്ടി അഡ്വ. നിസാം പാഷയും ആവശ്യപ്പെട്ടത്. കേരള ഹൈകോടതി അടിയന്തരമായി ഹരജി പരിഗണിക്കുന്നില്ലെന്ന് വൃന്ദാ ഗ്രോവർ ചൂണ്ടിക്കാട്ടിയപ്പോൾ ഹരജിക്കാർക്ക് ഇക്കാര്യം ഹൈകോടതിയോട് ആവശ്യപ്പെടാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി.
ഒരു സമുദായത്തെയാണ് ഈ സിനിമ അധിക്ഷേപിക്കുന്നതെന്നും സത്യമാണെന്ന് പറഞ്ഞ് ഇത് വിപണിയിലിറക്കിയിരിക്കുകയാണെന്നും വൃന്ദാ ഗ്രോവർ ബോധിപ്പിച്ചു. മുസ്ലിം സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന ‘ദ കേരള സ്റ്റോറി’ പരത്തുന്ന വിദ്വേഷവും ശത്രുതയും മുസ്ലിംകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ബോധിപ്പിച്ചു. ഇന്റർനെറ്റിൽ നിന്ന് സിനിമയുടെ ട്രെയിലർ നീക്കണമെന്നും ജംഇയ്യത്ത് ആവശ്യപ്പെട്ടു.
എന്നാൽ സിനിമ നിർമാതാവിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വിഷയം കേരള ഹൈകോടതിയുടെ പരിഗണനയിലാണെന്നും സുപ്രീംകോടതി കേൾക്കരുതെന്നും പറഞ്ഞ് ഹരജിക്കാരുടെ ആവശ്യത്തെ എതിർത്തു. സാൽവെയുടെ വാദം അംഗീകരിച്ച ചീഫ് ജസ്റ്റിസ് എല്ലാ കേസിലും സുപ്രീംകോടതിയല്ല പരിഹാരമെന്നും ഹൈകോടതിയിൽ യോഗ്യരായ ജഡ്ജിമാരുണ്ടെന്നും പറഞ്ഞു. സുപ്രീംകോടതി ഒരു സൂപ്പർ ഹൈകോടതി ആകേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്ന് 32,000 സ്ത്രീകൾ ഐഎസിൽ ചേരാൻ പോയെന്ന വ്യാജ പ്രചാരണവുമായി നിർമിച്ച ‘ദ കേരള സ്റ്റോറി’ സിനിമ വിവാദമായതോടെ 32,000 എന്നത് മൂന്ന് സ്ത്രീകൾ എന്നാക്കി തിരുത്തുകയും ചില പ്രധാന രംഗങ്ങൾക്ക് സെൻസർ ബോർഡ് കത്രിക വെക്കുകയും ചെയ്തിരുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.