Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള സ്റ്റോറി: നിയമ...

കേരള സ്റ്റോറി: നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽപെടുത്തി ന്യായീകരിക്കുന്നത് ശരിയല്ല’

text_fields
bookmark_border
കേരള സ്റ്റോറി: നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; ‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽപെടുത്തി ന്യായീകരിക്കുന്നത് ശരിയല്ല’
cancel

തിരുവനന്തപുരം: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിർമിച്ച "കേരള സ്റ്റോറി" എന്ന ഹിന്ദി സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗീയവൽകരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ - വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളയണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം -മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽനിന്ന്:

കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കി ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന "കേരള സ്റ്റോറി" എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ.

അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ "ലവ് ജിഹാദ്" ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്.

മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിൻബലത്തിലല്ല സംഘപരിവാർ ഇത്തരം കെട്ടുകഥകൾ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥ.

നാട്ടിൽ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാൻ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ - വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanThe Kerala story
News Summary - The Kerala story: legal action will be taken -Chief Minister Pinarayi Vijayan
Next Story