മാർച്ചിനകം സംസ്ഥാനം സമ്പൂർണ മാലിന്യ മുക്തമാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ വിവിധ പദ്ധതികൾക്ക് മന്ത്രി എം.ബി. രാജേഷിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം രൂപം നൽകി. അടുത്ത മാർച്ച് 31നകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പദ്ധതികളാണ് നടപ്പാക്കുക. ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് പൂർത്തിയാക്കും. മേയ് രണ്ടിന് മാലിന്യമുക്ത കേരളത്തെക്കുറിച്ച് ജനപ്രതിനിധികളെ ബോധവത്കരിക്കാൻ വാർഡ് അംഗങ്ങൾവരെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളോട് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഓൺലൈനിൽ സംസാരിക്കും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളും മാലിന്യമുക്തമാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടത്തും. ജൂൺ അഞ്ചിന് എല്ലാ ഓഫിസുകളെയും ഹരിതഓഫിസുകളാക്കി പ്രഖ്യാപിക്കും. എല്ലാ ഓഫിസുകളും ഹരിത ഓഫിസുകളായെന്ന് ഉറപ്പാക്കാൻ വകുപ്പുകളുടെ ഏകോപിപ്പിച്ച പ്രവർത്തനം നടക്കും. സ്‌കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ അഞ്ചിന് മുമ്പ് ശുചിയാണെന്ന് ഉറപ്പാക്കും. വിപുലമായ ജനകീയ കാമ്പയിനും നടത്തും.
എല്ലാ സർക്കാർ ഓഫിസുകളിലും ജൈവമാലിന്യം സംസ്‌കരിക്കാൻ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നടപ്പാക്കും. സർക്കാർ ഓഫിസുകളിലെ അജൈവ മാലിന്യം യൂസർഫീ നൽകി ഹരിതകർമസേനക്ക് നൽകാനും തീരുമാനിച്ചു. മന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ഡോ.വി. വേണു, ശാരദാ മുരളീധരൻ, നവകേരള കർമ പദ്ധതി കോഓഡിനേറ്റർ ഡോ. ടി.എൻ. സീമ എന്നിവരും വകുപ്പു തലവന്മാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.