തട്ടിക്കൊണ്ടുപോയ അഹമ്മദ് വീട്ടിൽ തിരിച്ചെത്തി; ദുരൂഹത ബാക്കി
text_fieldsനാദാപുരം: തൂണേരി മുടവന്തേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി എം.പി.കെ. അഹമ്മദ് തിങ്കളാഴ്ച രാത്രി എട്ടരയോടെ വീട്ടിൽ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോയവർ വൈകീട്ട് മൂന്നു മണിയോടെ രാമനാട്ടുകരക്കടുത്ത് കാറിൽ കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നുവത്രെ. തുടർന്ന് ബസിൽ കോഴിക്കോടും പിന്നീട് കൈനാട്ടിയിലും എത്തുകയായിരുന്നു.
ഇതിനിടെ ഒരു ടാക്സി ഡ്രൈവറിൽനിന്ന് ഫോൺ വാങ്ങി അഹമ്മദ് വിളിച്ചതിനെ തുടർന്ന് കൈനാട്ടിയിലെത്തി വീട്ടിലെത്തിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിലെത്തിയ അഹമ്മദ് ക്ഷീണിതനാണെന്നും ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും റൂറൽ പൊലീസ് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസൻ പറഞ്ഞു.
തൂണേരി മുടവന്തേരി സ്വദേശി മേക്കരതാഴെകുനി എം.ടി.കെ. അഹമ്മദിനെയാണ് (53) ശനിയാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയത്. വീടിനുസമീപത്തെ എണവള്ളൂർ പള്ളിയിൽ നമസ്കാരത്തിനായി പോകവെ സ്കൂട്ടർ തടഞ്ഞുനിർത്തി വെളുത്ത കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
അഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായതായി അറിയുന്നത്. തുടർ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. പുലർച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
പണം തന്നാൽ അഹമ്മദിനെ വിട്ടയക്കാമെന്ന് ഖത്തറിലുള്ള സഹോദരന് കഴിഞ്ഞ ദിവസം ചിലർ വാട്സ്ആപ് സന്ദേശം അയച്ചിട്ടുണ്ട്. വീട്ടുകാരോട് ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടും സന്ദേശം ലഭിച്ചിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോൺ ബന്ധുക്കൾ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് നാട്ടുകാർ നാദാപുരം പൊലീസ് സ്റ്റേഷന് മുമ്പിൽ റോഡ് ഉപരോധിച്ചിരുന്നു.
ആദ്യഘട്ടത്തിൽ കാണാതായ പരാതിയിൽ കേസെടുത്ത പൊലീസ് പിന്നീടാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ഖത്തറിലും ദുബൈയിലും വ്യാപാരിയാണ് എം.ടി.കെ. അഹമ്മദ്. വിദേശത്തെ വ്യാപാര തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.