രാജാവ് തിരിച്ചു വരുന്നു; കാരാട്ട് ഫൈസലിന് വീരപരിവേഷമേകി 'ആരാധകർ '
text_fieldsകോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കൊടുവള്ളി നഗരസഭയിലെ ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന് വീരപരിവേഷമേകി സുഹൃത്തുക്കളും 'ആരാധകരും'. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഫൈസലിനെ കസ്റ്റംസ് വിട്ടയച്ച ഉടൻ സാമൂഹിക മാധ്യമങ്ങളിലൂടെ കാരാട്ട് ഫൈസലിൻ്റെ സുഹൃത്തുക്കൾ 'ആഘോഷം ' തുടങ്ങിയിരുന്നു. ഫൈസൽ കാറിൽ തിരിച്ചു വരുന്നതിൻ്റെ പടം വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചു.
വെള്ളിയാഴ്ച്ച വൈകീട്ട് ആറ് മണിക്ക് കൊടുവള്ളി പൗരാവലി ഫൈസലിന് സ്വീകരണം നൽകുമെന്നും കൊടുവള്ളിയിലെ ഗ്രൂപ്പുകളിൽ സന്ദേശം പറന്നു നടന്നു. സൗത്ത് കൊടുവള്ളിയിൽ നിന്ന് കൊടുവള്ളി അങ്ങാടിയിലേക്ക് ആനയിച്ച് കൊണ്ടുവരുമെന്നുമുണ്ടായിരുന്നു. കോവിഡ് സമയത്തെ ഇത്തരം 'കലാപരിപാടികൾ ' പാരയാകുമെന്ന് ആരോ ഉപദേശിച്ചതോടെ സ്വീകരണം മാറ്റിവെച്ചു. ഫൈസൽ രാത്രി കൊടുവള്ളിയിലെത്തിയിട്ടുമില്ല.
ഫൈസലിൻ്റെ വീടിന് മുന്നിൽ അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 'ആരാധകർ ' വലിയ ബാനറും ഉയർത്തിയിരുന്നു. 'കിങ്ങ് ഈസ് ബാക്ക് ( രാജാവ് തിരിച്ചു വരുന്നു) എന്നായിരുന്നു ഫൈസലിൻ്റെ പടമടക്കമുള്ള ബാനറിലെ വാചകം. ഒടുവിൽ ഈ ബാനറും വൈറലായപ്പോൾ എടുത്തു മാറ്റി.
ഫൈസലിനെ കൊച്ചിയിൽ വിട്ടയച്ച ഉടൻ കാരാട്ട് റസാഖ് എം.എൽ.എ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു. 'ലീഗ് നേതൃത്വം ബി.ജെ.പി യെ കൂട്ടുപിടിച്ച് കള്ളക്കേസിൽ കുടുക്കി എന്നെ തകർക്കാനുള്ള ശ്രമം വിലപോവില്ല' എന്നായിരുന്നു റസാഖിൻ്റെ പോസ്റ്റ്. ഫൈസലുമായി സൗഹൃദമല്ലാതെ ബിസിനസ്, കുടുംബ ബന്ധങ്ങളില്ലെന്ന് എം.എൽ.എ വ്യക്തമാക്കിയിരുന്നു. കാരാട്ട് ഫൈസലിനെ കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീം തള്ളിപ്പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സംസ്കാരമാണ് ഫൈസലിനെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം .അതേ സമയം കസ്റ്റംസ് ഫൈസലിന് ക്ലീൻ ചിറ്റ് നൽകിയില്ലെന്നാണ് കൊച്ചിയിൽ നിന്നുള്ള വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.