കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്
text_fieldsകോഴിക്കോട്: തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനി മരിച്ചിരുന്നു. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
തിരുമ്പാടി ലിസ ആശുപത്രിയിൽ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയത്. കെ.എസ്.ആർ.ടി.സി എം.ഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കലുങ്കിലടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പറയുന്നു. ആഴം കുറഞ്ഞ പുഴയാണിത്. തിരുവമ്പാടി- ആനക്കാംപൊയിൽ റൂട്ടിലോടുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെയാണ് പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ബസിന്‍റെ മുൻഭാഗത്തിനും പുഴക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.