അതിഥി തൊഴിലാളികൾക്ക് കുറഞ്ഞ വാടകയിൽ താമസം ഉറപ്പാക്കാനുള്ള പദ്ധതി വിപുലമാക്കുമെന്ന് തൊഴിൽ മന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് കുറഞ്ഞ വാടകയിൽ കുടുംബസമേതം താമസം ഉറപ്പാക്കാനുള്ള 'ഗസ്റ്റ് വർക്കേഴ്സ് ഫ്രണ്ട്‌ലി റെസിഡൻസ് ഇൻ കേരള പ്രോജക്ട്' പദ്ധതി വിപുലമാക്കുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. അതിഥി തൊഴിലാളികൾക്കായി തൊഴിൽപരവും അല്ലാത്തതുമായ ഉപദേശങ്ങൾ നൽകാൻ ഒമ്പതു ജില്ലകളിൽ നിലവിൽ ഫെസിലിറ്റേഷൻ സെന്റർ ഉണ്ട്. ബാക്കിയുള്ള അഞ്ചു ജില്ലകളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഉടൻതന്നെ അവ ഉദ്ഘാടനം ചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു.
തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു കഴിഞ്ഞു. വൈകാതെ പുരസ്കാര വിതരണം നടത്തും. സംസ്ഥാനത്തെ 17 തൊഴിൽമേഖലകളിൽ ഏറ്റവും മികച്ച തൊഴിലാളികളെ കണ്ടെത്തി ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന പദ്ധതിയാണ് തൊഴിലാളി ശ്രേഷ്ഠ.
വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് ആരോഗ്യകരമായ തൊഴിലന്തരീക്ഷം പ്രദാനം ചെയ്യുന്ന തൊഴിലുടമയെ കണ്ടെത്തി ഏറ്റവും മികച്ച തൊഴിലാളികൾക്ക് വജ്ര, സുവർണ തുടങ്ങിയ ഗ്രേഡിങ് നൽകി ആദരിക്കുന്നു. വജ്ര പുരസ്കാരം നേടുന്നവരിൽ നിന്നും ഏറ്റവും മികച്ച തൊഴിലുടമയെ തെരഞ്ഞെടുത്ത് അവർക്ക് മുഖ്യമന്ത്രിയുടെ മികവിന്‍റെ അംഗീകാരം നൽകും.
വനിത തൊഴിലാളികൾക്ക് പരാതി നേരിട്ട് പറയാൻ തൊഴിൽ വകുപ്പ് ലേബർ കമീഷണറേറ്റിൽ സജ്ജീകരിച്ച ഒരു ടോൾഫ്രീ നമ്പറിന്‍റെ പ്രവർത്തനം വനിതാദിനത്തിൽ ആരംഭിച്ചു കഴിഞ്ഞതായും തൊഴിൽ മന്ത്രി വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.