സർക്കാർഭൂമി തിരിച്ചുപിടിക്കൽ; അന്വേഷണത്തിന് കൂടുതൽ സമയംതേടി സർക്കാർ
text_fieldsകൊച്ചി: മുംബൈയിലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൈവശമെത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള അന്വേഷണ നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ച മൂന്ന് മാസം മതിയാകില്ലെന്ന് സർക്കാർ. മൂന്നാർ ദൗത്യസമയത്ത് ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത, ഇപ്പോൾ അപ്പോത്തിയോസിസ് എന്ന കമ്പനിയുടെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാക്കാനാവാതെയാണ് സർക്കാർ വലയുന്നത്. 2023 ഡിസംബർ 22നുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർച്ചിൽ അന്വേഷണ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. എന്നാൽ, ഇനിയും മൂന്നുമാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് സർക്കാർ.
തെളിവെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കക്ഷികൾക്കും നോട്ടീസ് നടപടികൾപോലും പൂർത്തിയാക്കിയിട്ടില്ല. തെളിവെടുപ്പിന് ഹാജരാകാനും രേഖകൾ നൽകാനും കൂടുതൽ സമയം വേണമെന്ന കമ്പനിയുടെ ആവശ്യംകൂടി ചൂണ്ടിക്കാണിച്ചാണ് സർക്കാർ സമയം തേടിയത്. ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ 11.5 ഏക്കർ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മുംബൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ അപ്പോത്തിയോസിസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമെത്തി. 2009 ഫെബ്രുവരി ഒമ്പതിന് പലർക്കായി പട്ടയം ലഭിച്ച ഭൂമി വാങ്ങിയതിന്റെ രേഖകളാണ് കമ്പനിയുടെ പക്കലുള്ളത്.
എന്നാൽ, ഈ ഭൂമിയുടെ പോക്കുവരവ് അപേക്ഷ റവന്യൂ അധികൃതർ തള്ളിയതോടെ കമ്പനി ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ഈ ഭൂമി പോക്കുവരവ് ചെയ്തുനൽകാൻ 2015 മേയ് 21ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് പോക്കുവരവ് അപേക്ഷ പരിഗണിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ കർശന നിർദേശവും നൽകി. തുടർന്ന് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ കൈയേറിയ സ്ഥലത്തിന് പോക്കുവരവ് ചെയ്ത് നൽകാനുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാർ ഹരജി നൽകി. നിയമപരമായ വ്യവസ്ഥകൾ പരിഗണിക്കാതെ ഭൂമി പതിച്ചുനൽകാനാവില്ലെന്നിരിക്കെ പൊതു ട്രസ്റ്റി എന്ന നിലയിൽ സർക്കാർ കൈവശം വെച്ചിരിക്കുന്ന ഭൂമി സ്വകാര്യ കമ്പനിയുടെ കൈവശം എത്തിയതിൽ സംശയം പ്രകടിപ്പിച്ച ഡിവിഷൻ ബെഞ്ച്, സർക്കാറിന്റെ അന്വേഷണം തുടരാൻ അനുമതി നൽകുകയായിരുന്നു.
എന്നാൽ, കലക്ടറുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവരുത് അന്വേഷണമെന്നും മൂന്നുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നുമുള്ള നിർദേശങ്ങളും നൽകി. ഇതോടെ പാതിവഴിയിൽ മുടങ്ങിയ അന്വേഷണത്തിന് ജീവൻവെച്ചെങ്കിലും കോടതി നിർദേശിച്ച സമയപരിധിക്കകം കാര്യമായി ഒന്നും ചെയ്യാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.