സർക്കാർ ഏറ്റെടുത്ത ഭൂമി മുംബൈ കമ്പനിയുടെ കൈവശം
text_fieldsകൊച്ചി: ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത 11.5 ഏക്കർ ഭൂമി മുംബൈയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൈവശം എത്തിയതിനെക്കുറിച്ച് വീണ്ടും അന്വേഷണം. മൂന്നാർ ദൗത്യസമയത്ത് ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത 70 ഏക്കറിൽ 11.5 ഏക്കർ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അപ്പോത്തിയോസിസ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.
വ്യാജപട്ടയമുണ്ടാക്കി നടത്തിയ കൈമാറ്റമാണിതെന്ന് ദേവികുളം സബ് കലക്ടർ ഡോ. രേണു രാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം അന്വേഷിച്ച് റിപ്പോർട്ട് നൽകിയതാണ്. ഈ റിപ്പോർട്ട് പരിഗണിക്കാതെ, യാഥാർഥ്യം പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം നടത്താൻ ഹൈകോടതി കഴിഞ്ഞ ദിവസം സർക്കാറിന് അനുമതി നൽകുകയായിരുന്നു.
ഉടുമ്പൻചോല തഹസിൽദാറുടെ സഹായത്തോടെ 2007ലാണ് ഭൂമി കൈമാറിയതെന്ന് ലാൻഡ് റവന്യൂ കമീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. വ്യാജപട്ടയം ചമച്ച് വിൽപന നടത്തിയതാണെന്നാണ് ഈ സംഘം കണ്ടെത്തിയത്. സബ് കലക്ടറുടെ റിപ്പോർട്ടിനുപിന്നാലെ ഭൂമിയുടെ തണ്ടപ്പേർ റദ്ദാക്കാനും ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ നടന്ന സമാന ഇടപാടുകൾകൂടി അന്വേഷിക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ നടപടിക്കും നിർദേശിച്ചിരുന്നു. ഇതിനിടെ പോക്കുവരവിന് കമ്പനി അപേക്ഷിച്ചെങ്കിലും വ്യാജ പട്ടയപ്രകാരമാണ് ഭൂമി വാങ്ങിയതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അനുവദിച്ചില്ല. എന്നാൽ, ഇത് സർക്കാർ ഭൂമിയല്ലെന്ന് വാദിച്ച് കമ്പനി ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ഉദ്യോഗസ്ഥ നടപടി കോടതി സ്റ്റേ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.