സുപ്രീംകോടതി വിലക്കിയ ശേഷവും ഭൂപതിവ് ചട്ടം ലംഘിച്ചു
text_fieldsആലപ്പുഴ: ഭൂപതിവ് ചട്ടങ്ങൾ കർശനമാക്കി ഉത്തരവിറക്കിയ സർക്കാർ സംസ്ഥാനത്ത് നിയമം ലംഘിച്ച് നൂറുകണക്കിന് നിർമാണങ്ങൾക്ക് അനുമതി നൽകി. നടപടിക്രമം പാലിക്കാതെ നിർമിച്ചവ സാധൂകരിച്ച് നൽകുകയും ചെയ്തു.
കേരളം ഒട്ടാകെ ചട്ടപ്രകാരമുള്ള നിയന്ത്രണം ബാധകമാക്കിയെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയ ശേഷമാണ് ഈ വീഴ്ച. വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്ക് നിലനിൽക്കെ മിക്ക ജില്ലകളിലും ഏത് ആവശ്യത്തിനാണ് ഭൂവിനിയോഗമെന്ന നിരാക്ഷേപപത്രം പരിഗണിക്കാതെ നിർമാണങ്ങൾ അംഗീകരിക്കുകയായിരുന്നു.
സുപ്രീകോടതി ഉത്തരവ് വന്നശേഷം മാത്രം സംസ്ഥാനത്ത് 950ലേറെ നിർമാണപ്രവൃത്തികൾക്ക് അനുമതി നൽകിയെന്നാണ് രേഖ. കൃഷി ആവശ്യത്തിനും താമസത്തിനുമല്ലാതെ ഭൂമി വിനിയോഗിക്കരുതെന്നാണ് 1964ലെ ഭൂപതിവ് ചട്ടം. ഈ ചട്ടം അനുസരിച്ചാണ് സംസ്ഥാനത്ത് 65 ശതമാനം പേർക്കും ഭൂവുടമാവകാശം സ്ഥാപിച്ചു കിട്ടിയത്. പട്ടയങ്ങൾ നൽകിയതും ഈ വ്യവസ്ഥപ്രകാരം തന്നെ.
ഇതുകണക്കിലെടുക്കാതെ ഭൂമി മറ്റ് ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കുകയായിരുന്നു കർഷകരടക്കം ഭൂവുടമകൾ. അതിനിടെയാണ് മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നത് വിലക്കിയും നിയന്ത്രണം ഏർപ്പെടുത്തിയും 2019 ആഗസ്റ്റ് 22ന് സർക്കാർ ഉത്തരവിറക്കിയത്.
നിയന്ത്രണങ്ങൾ എട്ട് വില്ലേജ് മേഖലയിൽ മാത്രമായതോടെ വിവിധ സംഘടനകളുടെ കോഓഡിനേഷൻ വേദിയായ അതിജീവന പോരാട്ടം വഴി ഹരജി കോടതിയിൽ എത്തി. തുടർന്നാണ് ഹൈകോടതി സിംഗിൾ ബെഞ്ച് നിയന്ത്രണങ്ങൾ വിവേചനപരമെന്ന് വിലയിരുത്തിയത്.
ഇത് ശരിവെച്ച ഡിവിഷൻ ബെഞ്ച് നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലായിരുന്നു ചട്ടം സംസ്ഥാനമൊട്ടാകെ നടപ്പാക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്. ഇതിൽ നടപടിയുണ്ടായില്ലെന്നും സർക്കാറിനു വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടി അതിജീവന പോരാട്ടവേദി കോടതിയലക്ഷ്യ ഹരജി നൽകിയെങ്കിലും ചട്ടം നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് സ്റ്റേറ്റ് അറ്റോർണി രേഖാമൂലം മറുപടി നൽകിയതോടെ കേസ് തീർപ്പാക്കി. എന്നാൽ, വീണ്ടും തെളിവ് സഹിതം ഹരജിക്കാർ സമീപിച്ചതോടെ ബുധനാഴ്ച നേരിട്ട് ഹാജരാകാൻ ചീഫ് സെക്രട്ടറി, റവന്യൂ-തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരോട് ഹൈകോടതി നിർദേശിച്ചിരിക്കുകയാണ്.
അതിനിടെയാണ് സുപ്രീംകോടതി നിർദേശിച്ച ശേഷവും ചട്ടം ലംഘിച്ച് സർക്കാർ നിർമാണങ്ങൾക്ക് അനുമതി നൽകിയതും വൻകിട നിർമിതികൾക്കടക്കം സാധുത നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.