വയൽ നികത്തി വീടുവെക്കൽ: 2008 ആഗസ്റ്റ് 12നുശേഷം ഭൂമി കിട്ടിയ ഉടമക്ക് ഇളവില്ല
text_fieldsകൊച്ചി: 2008ലെ നിയമം വരുംമുമ്പ് ഉടമസ്ഥാവകാശമുള്ളയാൾക്ക് മാത്രമേ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം വീട് നിർമാണ ആവശ്യത്തിന് പാടം നികത്താൻ അനുമതിയുള്ളൂവെന്ന് ഹൈകോടതി ഫുൾബെഞ്ച്. 2008 ആഗസ്റ്റ് 12നുശേഷം ഭൂമി കൈമാറിക്കിട്ടിയ പുതിയ ഉടമക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് സതീശ് നൈനാൻ എന്നിവരടങ്ങുന്ന ഫുൾബെഞ്ച് വ്യക്തമാക്കി. മുമ്പ് സിംഗിൾ, ഡിവിഷൻ ബെഞ്ചുകളിൽനിന്ന് വ്യത്യസ്തമായ ഉത്തരവുകളുണ്ടായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് മറ്റു ബെഞ്ചുകളിൽനിന്ന് പരിഗണനക്കെത്തിയ ഒരുകൂട്ടം ഹരജികൾ തീർപ്പാക്കിയാണ് ഫുൾബെഞ്ചിന്റെ നിരീക്ഷണം.
ഉടമ എന്നല്ലാതെ, 2008നുമുമ്പും ശേഷവുമെന്ന് വേർതിരിക്കുന്നത് വിവേചനമാണെന്നും ഒരുകൂട്ടർക്ക് മാത്രമായി ഇളവ് അനുവദിക്കുന്നത് തുല്യാവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. സ്വത്തവകാശം എടുത്തുമാറ്റാനാകാത്തതായതിനാൽ ഇളവ് എല്ലാ ഉടമകൾക്കും ബാധകമാണെന്നും വാദിച്ചു.
എന്നാൽ, നെല്‍വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കലാണ് 2008ലെ നിയമത്തിന്റെ ലക്ഷ്യമെന്ന് കോടതി പറഞ്ഞു. ഒരിക്കൽ ഭക്ഷ്യ സ്വയംപര്യാപ്തമായിരുന്ന സംസ്ഥാനത്ത് കൃഷി ലാഭകരമല്ലാതായപ്പോൾ ഭൂവുടമകൾ മറ്റ് കൃഷികളിലേക്കും കെട്ടിട നിർമാണത്തിലേക്കും തിരിഞ്ഞു. 1967ലെ കേരള ഭൂവിനിയോഗ ഓർഡർ നിലവിലുണ്ടായിരുന്നെങ്കിലും കലക്ടറിൽനിന്ന് അനുമതി തേടി രൂപമാറ്റം സാധ്യമായിരുന്നു.
അതിനാൽ വയൽ സംരക്ഷണം പൂർണ തോതിൽ ഫലപ്രദമായിരുന്നില്ല. അങ്ങനെയാണ് 2008ലെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്നത്. ഈ നിയമം നിലവില്‍വരുമ്പോള്‍ പാടം കൈവശമുള്ളയാള്‍ക്ക് താമസിക്കാന്‍ ജില്ലയിൽ വേറെ വീടില്ലെങ്കിലാണ് ഇളവനുവദിച്ചത്.
നിയമം വന്നശേഷം പാടമാണെന്നറിഞ്ഞ് സ്ഥലം വാങ്ങുന്നവര്‍ക്കും നിലം നികത്താന്‍ അനുമതി നൽകുന്നത് നിയമത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ്. നിയമപരമായി സ്ഥലത്തിന്റെ ഉടമ എന്ന നിർവചനത്തിന് കീഴിൽ ഉടമ മുറിച്ച് വിൽപന നടത്തുന്ന പാടം വാങ്ങുന്നവരെല്ലാം വരില്ല. ഇത് അനുവദിച്ചാൽ വാങ്ങിയവര്‍ വീട് വെക്കാന്‍ പാടം നികത്താനുള്ള അനുമതിയും നേടും.
നിയമത്തിന്റെ ലക്ഷ്യവുമായി ചേർത്തുവെച്ച് വേണം 'ഉടമ' എന്ന പദത്തിന് നിർവചനം നൽകാൻ. 2008ലെ നിയമം വരുംമുമ്പേ നികത്തിയ പല ഭൂമിയും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് 2017ൽ നിയമം കൊണ്ടുവന്നത്. നിയമത്തിനുമുമ്പേ നികത്തിയ ഭൂമി ഉടമകൾക്ക് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ് നിയമം. ഇതിന്റെ ആനുകൂല്യം 2008നുശേഷം ഭൂമി വാങ്ങിയവർക്ക് ലഭിക്കില്ല.
2008നുശേഷം മാത്രം വയൽ ഭൂമി ഉടമകളായവരുടെ ഹരജികൾ തള്ളിയ കോടതി, നിയമപരമായ അവകാശികളിൽനിന്ന് ഇഷ്ടദാനം ലഭിച്ച വയൽഭൂമിയിൽ വീട് നിർമാണത്തിന് നികത്താൻ അനുമതി തേടി ആലപ്പുഴ തുറവൂർ സ്വദേശിനി പി. ജിനിമോൾ നൽകിയ ഹരജി മാത്രം സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. ഈ ഹരജി നിയമപരമായി പുനഃപരിശോധിച്ച് തീർപ്പാക്കാൻ കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.