‘ക്രിസ്മസിന്‍റെ ബാഹ്യമായ അടയാളങ്ങളേ തകർക്കാനാവൂ’; പുൽക്കൂട് നശിപ്പിച്ച സംഭവത്തിൽ ലത്തീൻ കത്തോലിക്ക സഭ
text_fieldsകൊച്ചി: പാലക്കാട്ടെ സ്കൂളിൽ പുൽക്കൂട് തകർത്ത സംഭവത്തിൽ പ്രതികരണവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. വിദ്യാർഥികൾ തയാറാക്കിയ പുൽക്കൂട് തൽപരകക്ഷികൾ തകർത്തുവെന്നും ബാഹ്യമായ ക്രിസ്മസിന്‍റെ അടയാളങ്ങൾ മാത്രമേ തകർക്കുവാൻ സാധിക്കൂവെന്നും ഡോ. തോമസ് ജെ. നെറ്റോ ചൂണ്ടിക്കാട്ടി.
വയനാടിലെ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പുനരധിവാസം വിദൂരതയിൽ നിൽക്കുകയാണെന്നും ഡോ. തോമസ് ജെ. നെറ്റോ വ്യക്തമാക്കി. തിരുപ്പിറവി ദിനത്തോട് അനുബന്ധിച്ചുള്ള പാതിരാ കുർബാനക്കിടെയാണ് ആർച്ച് ബിഷപ്പ് ആനുകാലിക വിഷയങ്ങൾ പരാമർശിച്ചത്.
കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് വി.എച്ച്.പി പ്രവർത്തകർ തടസ്സപ്പെടുത്തിയത്. കൂടാതെ, പാലക്കാട് തത്തമംഗലം ചെന്താമര നഗർ ജി.ബി.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച പുൽക്കൂടും അക്രമികൾ തകർത്തിരുന്നു.
വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം സ്കൂൾ അടച്ചു പോയ അധികൃതർ തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടത്. പൂൽക്കൂടിനടുത്ത് സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ, നക്ഷത്രം, അലങ്കാരങ്ങൾ എന്നിവയും പുറത്തെടുത്ത് സ്കൂൾ മുറ്റത്ത് പലയിടത്തായി ഉപേക്ഷിച്ചിട്ടുണ്ട്.
ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ സംഭവത്തിൽ വി.എച്ച്.പി നേതാക്കളായ നല്ലേപ്പിള്ളി സ്വദേശികളായ വടക്കുംതറ കെ. അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവരെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്കൂളിൽ അർധവാർഷിക പരീക്ഷ കഴിഞ്ഞ് അവധി തുടങ്ങുന്നതിനുമുമ്പ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെയാണ് അക്രമികൾ അസഭ്യവർഷം നടത്തിയത്. ക്രിസ്മസ് വസ്ത്രങ്ങൾ കുട്ടികൾ ധരിച്ചതിനെ ഇവർ ചോദ്യം ചെയ്തു. ശ്രീകൃഷ്ണജയന്തിയല്ലാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.