മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സർക്കാറിന്‍റെ അനാസ്ഥയെന്ന് ലത്തീൻ സഭ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ലത്തീൻ കത്തോലിക്ക സഭ. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സർക്കാറിന്‍റെ അനാസ്ഥയെന്ന് ലത്തീൻ സഭ സഹായ മെത്രാൻ ക്രിസ്തുദാസ് ആരോപിച്ചു.
വിഴിഞ്ഞം ഹാർബറിൽ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല. മണ്ണ് നീക്കം ചെയ്യാത്തത് കൊണ്ട് തിര ഉയർന്ന് അടിക്കാറുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാണ്. ഹാർബറിലെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും സഹായ മെത്രാൻ ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനത്തിന് വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി ഫാ. മൈക്കിൾ തോമസ് പറഞ്ഞു. തീരദേശ പൊലീസിന്‍റെ കൈവശമുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതല്ല. ഹാർബറിൽ മണ്ണടിഞ്ഞ് ചുഴി രൂപപ്പെട്ടിട്ടുണ്ട്. ശ്രീവിദ്യ ഐ.എ.എസ് അധ്യക്ഷയായ മോണിറ്ററിങ് കമ്മിറ്റിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിരുന്നു. ഹാർബർ എൻജിനീയറിങ് കമ്പനിയോ ആദാനി കമ്പനിയോ മണ്ണ് നീക്കം ചെയ്യുമെന്നാണ് അധ്യക്ഷ വ്യക്തമാക്കിയത്. ശാസ്ത്രീയ പഠനം നടത്തിയ അദാനി മൺതിട്ട ഇല്ലാതാകുന്നുണ്ടെന്നാണ് പറഞ്ഞത്. താൽകാലിക മൺതിട്ട നീക്കം ചെയ്തിരുന്നെങ്കിൽ വിലപ്പെട്ട മൂന്നു ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും ഫാ. മൈക്കിൾ മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ശക്തമായ കാറ്റിലും മഴയിലും വിഴിഞ്ഞത്ത് കടലിൽ വള്ളങ്ങൾ മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചത്. പൂന്തുറ പള്ളിവിളാകത്ത് സ്റ്റെല്ലസ്, വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ ലാസറിന്റെ മകൻ ശബരിയാർ എന്ന സേവ്യർ, പൂന്തുറ ടി.സി 46/593ൽ വർഗീസിന്റെ മകൻ ജോസഫ് എന്നിവരുടെ ജീവനാണ് നഷ്ടമായത്.
അപ്രതീക്ഷിതമായി ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലുംപെട്ട് നാലു മത്സ്യബന്ധന വള്ളങ്ങളാണ് അപകടത്തിൽപെട്ടത്. അപകടത്തിൽപെട്ട പതിനേഴു മത്സ്യത്തൊഴിലാളികൾ തീരസംരക്ഷണ സേനയുടെ രക്ഷാപ്രവർത്തനത്തിലും സ്വയം നീന്തിക്കയറിയും 14 പേർ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.