നിരോധിത സംഘടന നേതാവ് പന്തീരാങ്കാവിൽ പിടിയിൽ
text_fieldsപന്തീരാങ്കാവ് (കോഴിക്കോട്): ഝാര്‍ഖണ്ഡ് സ്വദേശിയായ നിരോധിത സംഘടന നേതാവിനെ കോഴിക്കോട് പന്തീരാങ്കാവിലെ കൈമ്പാലത്ത് വാടക മുറിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് ഗുംല ജില്ലയിലെ തൊറാങ് കയ്റോയിൽ അജയ് ഒറോണാണ് (29) പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.
നിരോധിത സംഘടനയായ പീപ്ള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഏരിയ നേതാവാണ് അജയ് ഒറോൺ. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ 2019ൽ ആയുധം കൈവശം വെച്ചതിന് ഝാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയതാണ്. പണം ആവശ്യപ്പെട്ട് റോഡ് നിർമാണ കരാറുകാരനെ ഭീഷണിപ്പെടുത്തുകയും പണം നൽകാത്തതിന്റെ പേരിൽ അവരുടെ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്ത കേസിലാണ് ഝാർഖണ്ഡ് പൊലീസ് ഇയാളെ തിരഞ്ഞ് കോഴിക്കോട്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷന്‍ അടിസ്ഥാനമാക്കി എത്തിയ ഝാർഖണ്ഡ് പൊലീസ് പന്തീരാങ്കാവ് പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ടി.വി. ധനഞ്ജയദാസ്, എസ്.ഐ പി.ടി. സൈഫുല്ല, ഇ.കെ. സഫീൻ, അജീഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് അജയിനെ തിങ്കളാഴ്ച അർധരാത്രിക്കുശേഷം പിടികൂടിയത്. ദിൽജൽ ഒറോൺ എന്ന വ്യാജ പേരിലുള്ള ആധാർ കാർഡാണ് കൈമ്പാലത്ത് കെട്ടിട ഉടമക്ക് നൽകിയത്.
വിവിധ ക്യാമ്പുകളിൽ താമസിക്കുന്ന അറുപതോളം അന്തർസംസ്ഥാന തൊഴിലാളികളെ പരിശോധിച്ചതിന് ശേഷമാണ് ഫോൺ നമ്പർ മുഖേന അജയിനെ കണ്ടെത്താനായത്. കഴിഞ്ഞ മാസമാണ് ഇയാൾ കോഴിക്കോട്ടെത്തിയത്.കേരളത്തിലെ മാവോവാദികളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നോർത്ത് സോൺ ഐ.ജി നീരജ് കുമാർ ഗുപ്ത, ജില്ല പൊലീസ് കമീഷണർ രാജ്പാൽ മീണ, ഫറോക്ക് അസിസ്റ്റന്റ് കമീഷണർ എ.എം. സിദ്ദീഖ്, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ എ. ഉമേഷ് എന്നിവർ പന്തീരാങ്കാവ് സ്റ്റേഷനിൽ പ്രതിയെ ചോദ്യം ചെയ്തു. മൊഴിയെടുക്കലിനുശേഷം അജയ് ഒറോണിനെ ഝാർഖണ്ഡ് പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.