Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിന്റെ ഡി.ജി.പി...

കോൺഗ്രസിന്റെ ഡി.ജി.പി ഓഫിസ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പൊലീസ്, പ്രസംഗം പാതിയിൽ നിർത്തി പ്രതിപക്ഷ നേതാവ്

text_fields
bookmark_border
congress protest
cancel
camera_alt

യൂത്ത് കോണ്‍ഗ്രസ്​ പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ഡി.ജി.പി ഓഫിസ് മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ പൊലീസ്​ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചപ്പോൾ  (ചിത്രം: മുസ്തഫ അബൂബക്കർ)

തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ സമാപനദിനത്തിൽ തലസ്ഥാന നഗരം കോൺഗ്രസ്​ പ്രതിഷേധത്തിൽ കലുഷിതമായി. പലയിടത്തും പൊലീസിന്‍റെ ​ലാത്തി വീശലും ജലപീരങ്കി പ്രയോഗവും നടന്നു. നിരവധി പ്രവർത്തകർക്ക്​ പരിക്കേറ്റു. പലരെയും കരുതൽ തടങ്കലിലാക്കി. നഗരത്തിൽ സെക്രട്ടേറിയറ്റിനകത്തും പുറത്തുമടക്കം അഞ്ചിടങ്ങളിലാണ്​ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടിയും പ്രതിഷേധവും ഉണ്ടായത്​.

ആർ.വൈ.എഫ്​ പ്രവർത്തകർ​ പരാതി നൽകാനെന്ന പേരിൽ പാസെടുത്ത്​ സെക്രട്ടേറിയറ്റിനുള്ളിൽ പ്രവേശിച്ച്​ കരി​ങ്കൊടി പ്രതിഷേധം നടത്തി​. വിഴിഞ്ഞത്ത്​ പ്രതിഷേധത്തിനിറങ്ങിയവരെ മുഖ്യമന്ത്രി എത്തുംമുമ്പ്​ കരുതൽ തടങ്കലിലാക്കി. വനിതകളുൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ്​ പൊലീസ് കരുതൽ തടങ്കലിലാക്കിയത്​. വിഴിഞ്ഞം തിയറ്റർ ജങ്​ഷനും ആഴാകുളത്തിനും ഇടയിൽ പ്രതിഷേധിക്കാനാണ്​ ഇവർ തയാറെടുത്തത്​. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കരിങ്കൊടിയുമായി നിന്നത്. ഇവരെ കോവളം പൊലീസ് സ്​റ്റേഷനിലെത്തിച്ചു. പൂജപ്പുര ജങ്​ഷനിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർക്കുനേരെ പൊലീസ്​ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്​ അറസ്റ്റ് ചെയ്തുനീക്കി.

ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.വി. രാജേഷ്​, മണ്ഡലം പ്രസിഡൻറ് ആർ. രാജേഷ്​, തിരുമല വാർഡ് കൗൺസിലർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നേമം മണ്ഡലത്തിലെ പ്രവർത്തകരാണ്​ പ്രതിഷേധിച്ചത്​. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ശ്രീകാര്യത്ത്​ പാതയോരത്ത്​ പതുങ്ങിയിരുന്ന യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി ബസിന് കുറുകെ എടുത്തുചാടി. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകൻ സുനിൽകുമാർ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലെത്തി. കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത്​ മാറ്റി.

സെക്രട്ടേറിയറ്റിന്​ മുന്നിൽ നവകേരള സദസ്സിനിടെ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ്​ യുവമോർച്ച പ്രതി​ഷേധിച്ചത്​. പൊലീസ്​ മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു പ്രതി​ഷേധം.

സമരങ്ങൾ നേരിടുന്നതിലെ കീഴ്വഴക്കങ്ങളും മര്യാദകളും മറികടന്ന്​ പൊലീസി​​ന്‍റെ അതിരുവിട്ട കളി

തിരുവനന്തപുരം: സമരങ്ങൾ നേരിടുന്നതിലെ കീഴ്വഴക്കങ്ങളും മര്യാദകളും മറികടന്ന്​ പൊലീസി​​ന്‍റെ അതിരുവിട്ട കളി. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷനേതാവും എം.പിമാരുമടക്കം മുതിർന്ന നേതാക്കൾ പ​ങ്കെടുക്കുന്ന വേദിക്ക്​ തൊട്ടരികിൽ കണ്ണീർവാതക ഷെൽ പൊട്ടിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരൻ, ചാണ്ടി ഉമ്മൻ എന്നിവരെ ആശുപത്രിയിലേക്ക്​ മാറ്റി.

മുതിർന്ന പ്രവർത്തകരും സ്ത്രീകളുമടക്കം അണിനിരന്ന മാർച്ചിനെ മുന്നറിയിപ്പില്ലാ​തെ തലങ്ങും വിലങ്ങും ടിയർ ഗ്യാസ്​ പൊട്ടിച്ചും ഇടതടവില്ലാതെ ജലപീരങ്കി പ്രയോഗിച്ചുമാണ്​ പൊലീസ്​ നേരിട്ടത്​. ചിതറിയോടിയ പ്രവർത്തകർക്കിടയിലേക്ക്​ വീണ്ടും ​ഷെല്ലുകളെറിഞ്ഞു. സംഘർഷഭരിതമായ സമരമുഖത്തുനിന്ന്​ നേതാക്കളെയെല്ലാം പ്രവർത്തകർ ഇടപെട്ട്​ ​മാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്ക്​ കരി​​​​ങ്കൊടി കാട്ടിയ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ ക്രൂരമായി നേരിട്ട പൊലീസിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും നടപടിയിൽ പ്രതിഷേധിച്ച്​ കെ.പി.സി.സി ആഹ്വാനം ചെയ്ത ഡി.ജി.പി ഓഫിസ്​ മാർച്ചാണ്​ തെരുവുയുദ്ധത്തിൽ കലാശിച്ചത്​.

ഉച്ചക്ക്​​​ 12ഓടെയാണ്​ കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തിയത്​. പൊലീസ്​ ആസ്ഥാനത്തിന്​ ഏതാനും മീറ്റർ അകലെ പൊലീസ്​ ബാരിക്കേഡുയർത്തിയിരുന്നു. ഇതിന് പുറംതിരിഞ്ഞാണ്​ നേതാക്കൾക്ക്​ അഭിസംബോധന ചെയ്യാനായി ​വാഹനത്തിൽ താൽക്കാലിക വേദിയൊരുക്കിയിരുന്നത്​. പ്രകടനമായി എത്തിയ ഉടൻ പ്രവർത്തകരിൽ ചില ബാരിക്കേഡിലേക്ക്​ തള്ളിക്കയറാൻ ശ്രമിച്ചിരുന്നു.

ഇവരെ നേതാക്കൾ ഇടപെട്ട്​ പിന്തിരിപ്പിച്ചു. പിന്നാലെ കെ.പി.സി.സി പ്രസിഡന്‍റ്​ സമരം ഉദ്​ഘാടനം​ ചെയ്തു. തുടർന്ന്​ വി.ഡി. സതീശൻ സംസാരം തുടങ്ങി ഒന്നര മിനിറ്റ്​​ പിന്നിട്ട​പ്പോഴായിരുന്നു പൊലീസ്​ നടപടി. സതീശൻ സംസാരിക്കുന്നതിനിടെ പൊലീസ്​ എറിഞ്ഞ ഗ്രനേഡ്​ വേദിക്ക്​ സമീപത്ത്​ പൊട്ടി. പിന്നാലെ വേദിക്ക്​ മുകളിലൂടെ പ്രസംഗം കേട്ടുനിന്ന പ്രവർത്തകരി​ലേക്ക്​ ശക്തമായ ജലപീരങ്കി പ്രയോഗവുമുണ്ടായി. ഒരുവിഭാഗം പ്രവർത്തകർ ബാരിക്കേഡിന്​ മുകളിലൂടെ ചാടിക്കടക്കാൻ ശ്രമിച്ചതാണ്​ പൊലീസ്​ പ്രകോപനത്തിന്​ കാരണം.

കെ. മുരളീധരൻ, ശശി തരൂർ അടക്കം നേതാക്കൾ വേദിയിലുണ്ടായിരുന്നു. തുടരെ കണ്ണീർ വാതകം കൂടി പൊട്ടിച്ചതോടെ പ്രതിപക്ഷനേതാവിന്​ സംസാരിക്കാൻ കഴിയാതെ പ്രസംഗം അവസാനിപ്പിച്ചു. പ്രതിപക്ഷനേതാവോ എം.പിമാരും എം.എൽ.എമാരുമടക്കം ജനപ്രതിനിധികളോ ഉള്ളപ്പോൾ സാധാരണ ബലപ്രയോഗംപോലും ഉണ്ടാകില്ലെന്നതാണ്​ പൊലീസ്​ കീഴ്വഴക്കം. ഇതാണ്​ തലസ്​ഥാനത്ത്​ പൊലീസ്​ ലംഘിച്ചത്​.

ഇതോടെ പ്രവർത്തകരും പൊലീസിന്​ നേരെ കല്ലെറിഞ്ഞു. പ്രവർത്തകർ കൂടി നിന്നിടങ്ങളിലേക്കെല്ലാം 12ഓളം കണ്ണീർ വാതക ഷെല്ലുകൾ ഇടതടവില്ലാ​തെ പൊട്ടിച്ചു. ശശി തരൂർ വീണ്ടും സംഘർഷ സ്ഥലത്തേക്ക്​ മടങ്ങിയെത്തിയതോടെ പ്രവർത്തകർ കൂട്ടംകൂടി. ഒരു മണിക്കൂറോളം നീണ്ട തെരുവുയുദ്ധത്തിനൊടുവിൽ പ്രവർത്തകർ പ്രകടനമായി കെ.പി.സി.സി ഓഫിസിലേക്ക്​ പോയി. തുടർന്ന്​ നേതാക്കൾ യോഗംചേർന്ന്​ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Latest Kerala NewsNavakerala Sadas
News Summary - The Leader of the Opposition stopped his speech midway
Next Story