നിർദേശം ലംഘിച്ച് സ്ഥാനാർഥികളായവരെ ലീഗ് പുറത്താക്കുന്നു
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശിച്ച മാനദണ്ഡം ലംഘിച്ച് സ്ഥാനാർഥികളായവരെ മുസ്ലിം ലീഗ് പുറത്താക്കും. ഇതു സംബന്ധിച്ച് ജില്ല കമ്മിറ്റികൾക്ക് നിർദേശം നൽകിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് 'മാധ്യമ'ത്തോടു പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ മൂന്നുതവണ അംഗങ്ങളായവർ വീണ്ടും മത്സരിക്കാൻ പാടില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം കീഴ്ഘടകങ്ങൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ച് സ്ഥാനാർഥികളായവരാണ് ഇപ്പോൾ വെട്ടിലായത്. കോഴിേക്കാട് ജില്ലയിൽ മാത്രം പാർട്ടി നിർദേശം ലംഘിച്ച് ആറ് മുതിർന്ന നേതാക്കൾ മത്സര രംഗത്തുണ്ടെന്ന് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല പറഞ്ഞു. പാർട്ടി ചിഹ്നം കിട്ടാത്തതിനാൽ ഇതിലേറെ പേരും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ എട്ടാംതവണയും മത്സരിക്കുന്ന ചേലേരി മമ്മുക്കുട്ടി, കൂരാച്ചുണ്ട് പഞ്ചായത്തിൽ അഞ്ചാംതവണയും മത്സരിക്കുന്ന ഒ.കെ. അമ്മത്, കൊടുവള്ളി നഗരസഭയിൽ അഞ്ചാം തവണയും മത്സരത്തിനിറങ്ങിയ മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ എ.പി. മജീദ്, പെരുവയൽ പഞ്ചായത്തിൽ നാലാംതവണയും മത്സരിക്കുന്ന പി.കെ. ഷറഫുദ്ദീൻ, കുന്ദമംഗലം പഞ്ചായത്തിൽ നാലാംതവണയും മത്സരിക്കുന്ന ഒ. ഹുസൈൻ എന്നിവർക്കെതിരെയാണ് നടപടിയുണ്ടാവുക. കുന്ദമംഗലം പഞ്ചായത്ത് ലീഗ് പ്രസിഡൻറുകൂടിയായ ഒ. ഹുസൈൻ കോണി ചിഹ്നത്തിൽതന്നെയാണ് മത്സരിക്കുന്നത്. മറ്റു നേതാക്കൾ പാർട്ടി നേതൃത്വത്തെയും അണികളെയും കബളിപ്പിക്കാൻ സ്വതന്ത്രരായാണ് രംഗത്തുള്ളത്.
ഇവരുെട പേരിൽ നടപടി വരുന്നതോടെ ഇൗ വാർഡുകളിൽ ലീഗിനോ മുന്നണിക്കോ സ്ഥാനാർഥികൾ ഇല്ലാത്ത അവസ്ഥയും വരും. ഇത് എങ്ങനെ തരണം ചെയ്യണമെന്ന് പാർട്ടി നേതൃത്വം ആേലാചിച്ചുവരുകയാണ്. മലപ്പുറത്തും പാർട്ടി നിർദേശം ലംഘിച്ച് സ്ഥാനാർഥികളായ ആറുപേർക്കെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.