കുത്തിവെപ്പെടുത്ത ഏഴു വയസ്സുകാരന്റെ കാല് തളർന്ന സംഭവം അസി. കമീഷണർഅന്വേഷണം തുടങ്ങി
text_fieldsചാവക്കാട്: തലവേദനക്ക് കുത്തിവെപ്പെടുത്ത ഏഴു വയസ്സുകാരന്റെ കാല് തളർന്ന സംഭവം അന്വേഷിക്കാൻ ഗുരുവായൂർ പൊലീസ് അസി. കമീഷണർ കെ.ജി. സുരേഷ് താലൂക്ക് ആശുപത്രിയിലെത്തി. കഴിഞ്ഞ ഒന്നിന് വൈകീട്ട് ആറോടെ കടുത്ത തലവേദനയെ തുടര്‍ന്ന് പാലയൂര്‍ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയാണ് മാതാവ് ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയത്. ഇടതുകാലിലെ കടുത്ത വേദനയെ തുടര്‍ന്ന് ഗസാലിക്ക് നടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
രക്ഷിതാവിന്റെ പരാതി പ്രകാരം കുട്ടിയെ പരിശോധിച്ച ഡോക്ടറെ ഒന്നാം പ്രതിയാക്കിയും കുത്തിവെപ്പെടുത്ത പുരുഷ നഴ്സിനെ രണ്ടാം പ്രതിയാക്കിയും നേരത്തേ ചാവക്കാട് പൊലീസ് കേസെടുത്തിരുന്നു. എ.സി.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കുട്ടിയും മാതാവും ആശുപത്രിയിൽ എത്തിയ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ എ.സി.പി ശേഖരിച്ചു. വെള്ളിയാഴ്ച ആശുപത്രിയിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷീജയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം അന്വേഷണത്തിനെത്തിയിരുന്നു. അന്വേഷണ ഭാഗമായി ആരോപണവിധേയയായ ഡോക്ടറെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തിയിരുന്നു. വ്യാഴാഴ്ച പുരുഷ നഴ്സിനെയും മാറ്റിനിർത്തിയിരുന്നു. ഇയാളെക്കുറിച്ച് നേരത്തേയും പരാതികളുണ്ടായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ മാധ്യമങ്ങളെ അറിയിച്ചതിനെതിരെ ആശുപത്രിയിലെ ചില ജീവനക്കാർ തന്നെ വിമർശനമുയർത്തിയിട്ടുണ്ട്.
ആരോപണവിധേയനായ പുരുഷ നഴ്സ് സൽഗുണ സമ്പന്നനാണെന്നും കുട്ടിയുടെയും മാതാവിന്റെയും പരാതി വാസ്തവിരുദ്ധമാണെന്നുമാണ് ഇവരുടെ വാദം. ഈ രീതിയിലാണ് മെഡിക്കൽ അന്വേഷണ സംഘത്തെ ഇവർ അറിയിച്ചതെന്നുമാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.