മഹാപ്രളയം പഠിപ്പിച്ച പാഠം: അണക്കെട്ടുകൾ തുറന്നിട്ടും കരകവിയാതെ പെരിയാർ
text_fieldsകൊച്ചി: സംസ്ഥാനത്തെ ഏറ്റവും സംഭരണശേഷിയുള്ള രണ്ട് അണക്കെട്ടുകൾ ഒരേസമയം തുറന്നിട്ടും കാര്യമായി ജലനിരപ്പ് ഉയരാതെ പെരിയാർ നദി. ഇടുക്കി അണക്കെട്ടിൽനിന്ന് മണിക്കൂറിൽ 3.15 ലക്ഷം ക്യുബിക് മീറ്ററും ഇടമലയാറിൽനിന്ന് 4.62 ലക്ഷം ക്യുബിക് മീറ്ററും ജലമാണ് മഹാനദിയിലേക്ക് ഒഴുക്കുന്നത്. രണ്ടിടത്തുനിന്നും ജലം ഒരുമിക്കുന്ന കോതമംഗലം ഭൂതത്താൻകെട്ട് ബാരിയറിലൂടെ സെക്കൻഡിൽ 850 ക്യുബിക് മീറ്റർ ജലം പെരിയാറിലൂടെ ഒഴുകുന്നു. രാത്രി എട്ടരയോടെയാണ് ഇടുക്കി ജലം ഭൂതത്താൻകെട്ടിൽ എത്തിയത്.
2018ൽ എറണാകുളം ജില്ലയിലെ 34.62 ലക്ഷം വരുന്ന ജനസംഖ്യയിൽ പകുതിയെയും മഹാപ്രളയത്തിൽ മുക്കിയ നദിയാണ് ഇക്കുറി കാര്യമായ അനക്കമില്ലാതെ ഒഴുകുന്നത്. അണക്കെട്ടുകളുടെ കൈകാര്യത്തിൽ വന്ന വീഴ്ചയാണ് അന്ന് പ്രളയത്തിന് കാരണമായതെന്ന ചർച്ചകൾ ഇതോടെ വീണ്ടും ഉയർന്നു.
ചൊവ്വാഴ്ച പുലർച്ച ആറിന് ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 165.7 മീറ്ററായിരുന്നു. 169 മീറ്ററാണ് അണക്കെട്ട് നിറയുന്ന പരിധി. 90.63 ശതമാനവും നിറഞ്ഞ അണക്കെട്ട് തുടക്കത്തിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 50 സെൻറിമീറ്റർ വീതമാണ് ഉയർത്തിയത്. എട്ട് മണിയോടെ 80 സെൻറിമീറ്റർ വീതം ഉയർത്തി. ജലമൊഴുകി ആറുമണിക്കൂർ പിന്നിട്ട് ഉച്ചക്ക് ഒരുമണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 165.66 മീറ്ററിൽ എത്തി. മണിക്കൂറിൽ ഒരു സെൻറിമീറ്റർ വീതമാണ് അണക്കെട്ടിലെ വെള്ളം കുറഞ്ഞത്. വൈകീട്ട് നാലോടെ 165.63 മീറ്ററിലേക്ക് ജലനിരപ്പ് താഴ്ന്നു. അണക്കെട്ട് തുറന്ന് അധികം വൈകാതെ കുട്ടമ്പുഴ മേഖലയിൽ 30 സെൻറിമീറ്റർ മാത്രമാണ് പെരിയാറിൽ ജലനിരപ്പ് ഉയർന്നത്. പെരിയാറിൽ ജലനിരപ്പ് അളക്കുന്ന കാലടി, മംഗലപ്പുഴ, മാർത്താണ്ഡവർമ എന്നിവിടങ്ങളിലെ റീഡിങിലും ജലനിരപ്പിൽ വ്യതിയാനം കാണിച്ചില്ല. പ്രളയ മുന്നറിയിപ്പ് അളവിനെക്കാൾ ഏറെ താഴെയാണ് ഇവിടെ ജലനിരപ്പ്. കാലടിയിൽ 2.225 മീറ്ററാണ് വൈകീട്ട് ആറിന് ജലനിരപ്പ്. 5.50 മീറ്ററിലാണ് പ്രളയ മുന്നറിയിപ്പ് നൽകുക.
2018ൽ പുഴ പെരുമഴയിൽ നിറഞ്ഞ അവസ്ഥയിൽ വേലിയേറ്റവും വേലിയിറക്കവും കണക്കിലെടുക്കാതെ അണക്കെട്ടുകൾ തുറന്നതാണ് മഹാപ്രളയത്തിന് ഇടയാക്കിയത്. ഇക്കുറി ഇടമലയാർ റെഡ് അലർട്ട് പരിധിയായ 166.30 മീറ്ററിൽ എത്തുംമുമ്പ് നീല അലർട്ട് പരിധിയായ 165.8 മീറ്ററിൽതന്നെ തുറന്നു. ഇടുക്കി അണക്കെട്ടിൽനിന്ന് ഇനി കൂടുതൽ തുറന്നുവിടേണ്ടിവന്നാലും പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയരാതെ ഇതിലൂടെ നിലനിർത്താം. വേലിയിറക്ക സമയമായ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ ഇടമലയാർ ജലവും ബുധനാഴ്ച പുലർച്ച 12.40 മുതല് അഞ്ച് വരെ ഇടുക്കി ജലവും കടലിലും വേമ്പനാട്ട് കായലിലുമായി എത്തുംവിധമാണ് ഇക്കുറി അണക്കെട്ടുകൾ തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.