കത്ത് വിവാദം: മേയർ രാജിവെക്കേണ്ടെന്ന് സി.പി.എം; ക്രൈംബ്രാഞ്ച് പരിശോധന പൂർത്തിയാകും വരെ കാത്തിരിക്കും
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ നിയമന കത്ത് വിവാദത്തില്‍ തിരക്കിട്ട് നടപടികളിലേക്ക് കടക്കേണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാകുംവരെ കാത്തിരിക്കാം. അന്വേഷണ റിപ്പോർട്ട് വന്നശേഷം അതിനനുസരിച്ച നടപടി കൈക്കൊള്ളാമെന്നാണ് തീരുമാനം. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മേയര്‍ രാജിവെക്കേണ്ടതില്ലെന്നും ധാരണയായി.
തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റും കമ്മിറ്റിയും യോഗം ചേർന്ന് മേയറുടെയും സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിന്‍റെയും കത്തുകളിൽ പാർട്ടിതല അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. അത്തരം അന്വേഷണം തൽക്കാലം വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് മേയറുടെ വിശദീകരണം പാർട്ടിക്കും പൊതുജനങ്ങൾക്കും ബോധ്യപ്പെട്ടതാണ്.
ഡി.ആർ. അനിലിന്‍റെ വിശദീകരണവും സമാനമാണ്. വിഷയത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. കേന്ദ്ര നേതാക്കളെയും ഗവർണറെയും ഇടപെടുവിച്ച് രാഷ്ട്രീയ ലാഭത്തിനാണ് ബി.ജെ.പി ശ്രമം. അതിന് വഴങ്ങേണ്ട സാഹചര്യമില്ല. രാഷ്ട്രീയ പ്രതിഷേധങ്ങളെ അതേ രീതിയിൽ കൈകാര്യം ചെയ്യണം. മേയർക്ക് സുരക്ഷയൊരുക്കുന്ന സി.പി.എം നടപടിയിൽ തെറ്റില്ലെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് നടത്തിയത്.
മേയർക്കെതിരായ പരാതികളിൽ ഹൈകോടതി കൈക്കൊണ്ട നടപടികൾ സ്വാഭാവികമാണെന്ന് വിലയിരുത്തി. പരാതി ലഭിച്ചാൽ അത് സ്വീകരിച്ച് നോട്ടീസ് അയക്കുന്നത് സ്വാഭാവിക നടപടിയാണ്. ഗവർണർ വിഷയം വെള്ളിയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.