മെഡിക്കൽ വിദ്യാർഥികളുടെ കത്ത് ചോർത്തി വിദ്വേഷ പ്രചാരണം
text_fieldsതിരുവനന്തപുരം: ഓപറേഷൻ തിയറ്ററിൽ തലമറയും വിധമുള്ള ശസ്ത്രക്രിയ വസ്ത്രം (സർജിക്കൽ ഹുഡ്) ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാർഥിനികൾ പ്രിൻസിപ്പലിന് നൽകിയ കത്ത് സമൂഹമാധ്യമങ്ങളിൽ ചോർത്തി വിദ്വേഷ പ്രചാരണം. വിദ്യാർഥികളിൽനിന്ന് പ്രിൻസിപ്പൽ ഒപ്പിട്ടുവാങ്ങിയ കത്ത് സംഘ് പരിവാർ പ്രൊഫൈലുകൾ വഴിയാണ് ദുഷ്പ്രചാരണ സ്വഭാവത്തിൽ ആദ്യം പുറത്തുവന്നത്. പിന്നാലെ ദേശീയമാധ്യമങ്ങളും ദുരുദ്ദേശ്യത്തോടെ വാർത്ത നൽകിത്തുടങ്ങുകയും പ്രശ്നം ആളിക്കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു.
വിവിധ ബാച്ചുകളിൽ പഠിക്കുന്ന ഏഴ് എം.ബി.ബി.എസ് വിദ്യാർഥികളാണ് സർജിക്കൽ ഹുഡും കൈ നീളമുള്ള ജാക്കറ്റും അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. ഏഴുപേരും പേരെഴുതി കത്തിൽ ഒപ്പിട്ടിരുന്നു. നിലവിലെ പ്രോട്ടോകോൾ വിശദീകരിച്ചശേഷം, കമ്മിറ്റിയെ നിയോഗിച്ച് വിഷയം പരിശോധിച്ച് തീരുമാനിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സർജന്മാരുടെയും ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ടെന്നും ഈ യോഗത്തിൽ അപേക്ഷ ചർച്ച ചെയ്യുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. തികച്ചും വ്യക്തിപരമായും രഹസ്യ സ്വഭാവത്തിലും നൽകിയ ഈ കത്താണ് ദുരുദ്ദേശ്യത്തോടെ സംഘ്പരിവാർ പ്രൊഫൈലുകൾക്ക് ചോർത്തി നൽകിയത്.
പ്രിൻസിപ്പലിന്‍റെ ഒപ്പടക്കമുള്ള കത്തായതിനൽ പ്രിൻസിപ്പൽ ഓഫിസിൽനിന്നാണ് ചോർന്നതെന്ന് വ്യക്തമാണ്. ബി.ജെ.പി പ്രവർത്തകരടക്കം വലിയ വിമർശനത്തോടെയാണ് കത്ത് പ്രചരിപ്പിച്ചത്.
സ്വന്തം ആവശ്യങ്ങളും പ്രശ്നങ്ങളും തുറന്ന് പറഞ്ഞ് പ്രിൻസിപ്പൽ ഓഫിസിനെ സമീപിക്കാനുള്ള വിദ്യാർഥികളുടെ ആത്മവിശ്വാസത്തിനുതന്നെ വിള്ളൽ വീണിരിക്കുകയാണെന്ന് മെഡിക്കൽ കോളജ് യൂനിയൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. കൃത്യമായ സ്ഥാപിത താൽപര്യമാണ് കത്ത് പ്രചരിപ്പിച്ചവർക്കുള്ളത്.
വിദ്യാർഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും വർഗീയത പരത്തുന്നതുമായ സംഭവത്തിൽ കൃത്യമായ നടപടിയെടുക്കണമെന്നും കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്ത് വലിയ പ്രശ്നത്തിലേക്കെത്തിച്ചയാളെ കണ്ടെത്തി ശിക്ഷനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അന്വേഷണമാവശ്യപ്പെട്ട് യൂനിയൻ പൊലീസിനെ സമീപിച്ചെങ്കിലും പ്രിൻസിപ്പലിന്‍റെ ഒപ്പുള്ള കത്തായതിനാൽ അവരാണ് പരാതി നൽകേണ്ടതെന്നാണ് പൊലീസ് നിലപാട്.
ഇസ്ലാമോഫോബിയ പടർത്താനുള്ള ശ്രമം -എസ്.എഫ്.ഐ
തിരുവനന്തപുരം: മെഡിക്കൽകോളജിൽ വിദ്യാർഥികൾ പ്രിൻസിപ്പലിന് നൽകിയ കത്ത് ചോർത്തിയത് ഇസ്ലാമോഫോബിയയും വർഗീയതയും കലർത്തി കേരളത്തെയാകെ വർഗീയധ്രുവീകരണത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത നീക്കമായി കാണണമെന്ന് എസ്.എഫ്.ഐ. വിദ്യാർഥികൾ വ്യക്തിപരമായ ആവശ്യങ്ങൾ ഉന്നയിച്ച് നൽകിയ തികച്ചും രഹസ്യാത്മകമായ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്യുകയായിരുന്നെന്ന് യൂനിറ്റ് ഭാരവാഹികൾ കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ പേരുൾപ്പെടെ വിവരങ്ങൾ ബി.ജെ.പി വക്താവിന്റെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തു വന്ന സാഹചര്യം വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ ഏറ്റ കടുത്ത പ്രഹരമാണ്.
കത്ത് നൽകിയ വിദ്യാർഥികൾക്ക് നേരെ ഒരുതരം വ്യക്തിഹത്യക്കോ മറ്റ് ആക്രമണങ്ങൾക്കോ വഴിയൊരുക്കാതെ എത്രയും പെട്ടെന്ന് ചർച്ചകൾ അവസാനിപ്പിക്കാൻ കൃത്യമായ നടപടി സ്വീകരിക്കണം. പ്രശ്നത്തിന് പരിഹാരം കാണുംവരെ ഈ നിലപാടിൽതന്നെ വിദ്യാർഥികൾക്കൊപ്പം പൂർണ പിന്തുണയോടെ നിലകൊള്ളുമെന്ന് അവർ വ്യക്തമാക്കി.
ചോർന്നത് എങ്ങനെയെന്ന് അറിയില്ല, അന്വേഷിക്കും -പ്രിൻസിപ്പൽ
തിരുവനന്തപുരം: വിദ്യാർഥികൾ തനിക്ക് നൽകിയ കത്ത് സമൂഹമാധ്യമങ്ങളിൽ ചോർന്നത് അന്വേഷിക്കുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് മോറിസ്. എങ്ങനെയാണ് പുറത്തുപോയതെന്ന് അറിയില്ല. ഓഫിസിൽ ഒരുപാട് പേരുണ്ട്. കത്ത് ചോർന്നതിനെ കുറിച്ച് താൻ നേരിട്ടാണ് അന്വേഷിക്കുക. ഓപറേഷൻ തിയറ്ററിൽ നീളൻ കൈയുള്ള കോട്ട് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുറച്ച് വിദ്യാർഥികൾ അപേക്ഷ തന്നിരുന്നു. നീളൻ കൈ ഇട്ടാൽ രോഗീപരിചരണത്തെ ബാധിക്കും. ഇൻഫെക്ഷൻ വരാനും സാധ്യതയുണ്ട്. ഇക്കാര്യം വിദ്യാർഥികളോട് പറഞ്ഞു. പിന്തുടരുന്ന സംവിധാനത്തിൽ മാറ്റം വരുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന കാര്യവും വിശദീകരിച്ചിരുന്നു. എങ്കിലും ആവശ്യം ചർച്ചക്ക് വെക്കാമെന്നും കമ്മിറ്റി ചേർന്ന് തീരുമാനിക്കാമെന്നും അവരോട് വ്യക്തമാക്കിയിരുന്നെന്നും പ്രിൻസിപ്പൽ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.