കോവിഡ് വാക്സിനെടുത്ത വീട്ടമ്മയുടെ ജീവിതം വഴിമുട്ടി
text_fieldsഅഞ്ചൽ: കോവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്തതോടെ ജീവിതം വഴിമുട്ടി വീട്ടമ്മ. അഞ്ചൽ പനയംചേരി കോടിയാട്ടു താഴതിൽ വീട്ടിൽ നസീമ (43)യാണ് പ്രതിസന്ധിയിലായത്. അഞ്ചൽ - ഏറം റോഡിൽ പൊലീസ് സ്റ്റേഷന് സമീപം വാടകക്കെട്ടിടത്തിൽ ഹോട്ടൽ നടത്തിവരികയായിരുന്ന വിധവയായ നസീമക്ക് കഴിഞ്ഞ ഡിസംബറിൽ കോവിഡ് പ്രതിരോധത്തിൻ്റെ രണ്ടാം കുത്തിവയ്പ്പെടുത്തതോടെയാണ് പ്രശ്നമായത്. കുത്തിവയ്പ് കഴിഞ്ഞതോടെ ശരീരത്തിന് ബലക്ഷയവും മറ്റ് അസ്വസ്ഥതകളും കാഴ്ചക്കുറവും അനുഭവപ്പെട്ടു തുടങ്ങി. ഈ വിവരം കുത്തിവയ്പ്പെടുത്ത അഞ്ചൽ സി.എച്ച്.സി യിലെ ആരോഗ്യ പ്രവർത്തകരെയറിയിച്ചപ്പോൾ പേടിക്കാനൊന്നുമില്ലെന്നും രണ്ടു മൂന്ന് ദിവസത്തിനകം മാറുമെന്നും പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നു.
എന്നാൽ ദിവസങ്ങൾകഴിഞ്ഞതോടെ ശരീരമാസകലം നീരുവരികയും ഒരു കണ്ണിൻ്റെ കാഴ്ചയില്ലാതാക്കുകയും ചെയ്തു.ഇതോടെ ഹോട്ടൽ ദിവസങ്ങളോളം അടച്ചിടേണ്ടിയും വന്നതോടെ സാമ്പത്തിക പ്രയാസവുമായി . അസുഖവിവരമറിയിക്കാൻ അഞ്ചൽ സി.എച്ച്.സി യിലെത്തിയ നസീമയെ അവിടെ നിന്നും പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണുണ്ടായത്.മെഡിക്കൽ കോളേജധികൃതർ നസീമയെ കണ്ണിൻ്റെ ചികിത്സയ്ക്കാക്കായി തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്കും പറഞ്ഞു വിടുകയാണുണ്ടായത്. എന്നാൽ കോവിഡ് വാക്സിൻ സംബന്ധമായ വിഷയമായതിനാൽ തിരുനൽവേലിയിൽ നിന്നും തിരികെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് വിട്ടിരിക്കുകയാണ്.
ആഴ്ചതോറും തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തി ചികിത്സിക്കുകയാണിപ്പോൾ. ഇതിനിടെ പലതവണ വീണതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ വേറേയും .ഏക വരുമാനമാർഗ്ഗമായ കച്ചവടം നടക്കാതെയുമായി. കടയുടെ വാടകക്കുടിശ്ശിക തീർക്കാത്തതിനാലും പ്രശ്നങ്ങളാണ്. പരിസരത്തുള്ളവരുടെ സഹായത്താലാണ് ഇപ്പോൾ ജീവിച്ചു പോരുന്നത് പോലും. രോഗ ചികിത്സയ്ക്കുള്ള സഹായം ഗവണ്മെൻ്റിൽ നിന്നുമുണ്ടാകണമെന്നാണ് നസീമയുടേയും നാട്ടുകാരുടേയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.