വിനോബ ഭാവെയുടെ ആത്മീയപുത്രിയുടെ ജീവിതം ഗാന്ധിദർശനങ്ങൾ നെഞ്ചേറ്റി
text_fieldsനെടുമങ്ങാട്: വിനോബ ഭാവെയുടെ ആത്മീയപുത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിവ്രാജിക എ.കെ. രാജമ്മയുടെ മരണത്തോടെ ഗാന്ധിജിയെ നേരില്‍ കാണുകയും പിന്നീട്, ഗാന്ധി മാര്‍ഗത്തിലേക്ക് തിരിയുകയും ചെയ്ത ജീവിച്ചിരിക്കുന്ന അപൂര്‍വം പേരില്‍ ഒരാൾകൂടി ഓർമയായി. 1934ല്‍ ഏഴാം വയസ്സില്‍ നെയ്യാറ്റിൻകരയിലെത്തിയ ഗാന്ധിജിയെ കണ്ട രാജമ്മ ഗാന്ധിമാർഗത്തിലേക്ക് തിരിയുകയായിരുന്നു. പിന്നീട്, ഗാന്ധി മാര്ഗത്തിലൂന്നിയുള്ള ജീവിതം. പഠനശേഷം രാജമ്മ സേവാഗ്രാമിലെ അന്തേവാസിയായി.
നിയമ പഠനം ഉപേക്ഷിച്ചാണ് സേവാഗ്രാമിലെത്തിയത്. വീട്ടിലെ അന്തരീക്ഷം അതിന് തുണയുമായി. അച്ഛന് സി.ആര്. അയ്യപ്പന് വൈദ്യര് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളുമായിരുന്നു. സേവഗ്രാമില് ചേരാനുള്ള തീരുമാനത്തെ അമ്മ സി. കല്യാണിയമ്മയും തടഞ്ഞില്ല. ഗാന്ധിജിയുടെ മരണശേഷം വിനോബ ഭാവെയെ ഗുരുവായി സ്വീകരിച്ചു. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പം രാജ്യത്തൊട്ടാകെ സഞ്ചരിച്ചു.
1954ൽ അഗസ്ത്യ മലയുടെ താഴ്വാരത്തിലുള്ള ചുള്ളിയാൻ മലയിൽ ഗാന്ധിജിയുടെയും വിനോബ ഭാവെയുടെയും സന്ദേശങ്ങളിൽ അധിഷ്ഠിതമായ വിനോബ നികേതൻ സ്ഥാപിച്ച് അതിന്റെ അമരക്കാരിയായി. 50 വര്‍ഷം മുമ്പ് അധഃസ്ഥിതര്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ ഉന്നമനത്തിനായി യാതൊരു ക്ഷേമ പ്രവര്‍ത്തനവും നടക്കാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിലും സാമ്പത്തിക അഭിവൃദ്ധിയിലും ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിനോബ നികേതന്‍ നടപ്പാക്കി.
സംഭാവനയായി കിട്ടിയ 23 സെന്റില്‍ ശ്രമദാനമായിട്ടാണ് ചാണകം മെഴുകിയ കുടിലുകള്‍ നിര്‍മിച്ചത്. ഉദ്ഘാടനത്തിന് വരാമെന്നേറ്റിരുന്ന ഇന്ദിര ഗാന്ധിക്ക് പകരം ഒരു ഹരിജന്‍ പെണ്‍കുട്ടിയാണ് വിനോബ നികേതന്‍ ഉദ്ഘാടനം ചെയ്തത്. ഇ.എം. എസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പത്തേക്കര്‍ ഭൂമി വിനോബ നികേതന്‍ അനുവദിച്ചത്.
1957ല്‍ ബാബ ഇവിടെ എത്തിയപ്പോള്‍ ഇ.എം.എസ് ബാബയെ കാണാന്‍ ആശ്രമത്തില്‍ വന്നിട്ടുണ്ട്. ഭൂദാന യാത്രാകാലത്ത് വിനോബ നികേതന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാമൂഹികപ്രവര്ത്തകര്ക്കുള്ള പരിശീലനക്കളരിയായി മാറി. ഭൂദാന പ്രസ്ഥാനത്തിന്റെ ആധ്യാത്മിക ശക്തി സ്രോതസ്സായിരുന്നു ഈ ആശ്രമം.
തുടക്കത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്റെ പ്രവര്‍ത്തനമാണ് ഇവിടെ ആരംഭിച്ചത്. 1975ല്‍ ഹോസ്റ്റല്‍ ഔപചാരികമായി നിലവില്‍ വന്നു. കേരളത്തിലെ ആദ്യത്തെ അംഗന്‍വാടി അധ്യാപിക പരിശീലന കേന്ദ്രം വിനോബ നികേതനിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 1982 മുതല്‍ 2011 വരെ ഗ്രാമ സേവിക പരിശീലന പരിപാടിയും ഇവിടെ നടന്നുവന്നിരുന്നു.
വിനോബ വിശ്വ വിദ്യാപീഠം സ്ഥാപിക്കുക എന്നത് ഇവരുടെ അഭിലാഷ മായിരുന്നു. 2005ല്‍ ബാബയുടെ ജന്മ ശതാബ്ദി വര്‍ഷത്തില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് വിനോബ വിശ്വവിദ്യാപീഠത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചെങ്കിലും മുന്നോട്ട് പോകാൻ കഴിയാത്ത മനോവിഷമത്തിലായിരുന്നു രാജമ്മ. സത്യം, അഹിംസ, ലാളിത്യം, ത്യാഗം തുടങ്ങി ഗാന്ധിജി മുന്നോട്ടുവെച്ച ദര്‍ശനങ്ങളുടെ പാതയിലൂടെയാണ് 100-ാം വയസ്സിലും സമൂഹനന്മക്കായി പ്രവര്‍ത്തിച്ചിരുന്ന രാജമ്മ ജീവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.