എസ്.ടി ഫണ്ട് കൈപറ്റിയ ശേഷം തദ്ദേശ സ്ഥാപനങ്ങൾ ആദിവാസികളെ വഞ്ചിച്ചുവെന്ന് റിപ്പോർട്ട്; പദ്ധതികൾ പലതും കടലാസിലും പാതിവഴിയിലും
text_fieldsകൊച്ചി : ആദിവാസികളുടെ വികസനത്തിന് അനുവദിക്കുന്ന ഫണ്ട് കൈപ്പറ്റി അവരെ വഞ്ചിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് റിപ്പോർട്ട്. കരുളായി, താഴെക്കോട്, ചാലിയാർ ഗ്രാമപഞ്ചായത്തുകളിലെ ഫയലുകളാണ് ഓഡിറ്റ് സംഘം പരിശോധിച്ചത്.
പ്രാക്തന ഗോത്രവർഗ വിഭാഗങ്ങളിൽ 90,000 രൂപ വീതം 10 വീടുകൾ നിർമിക്കുന്നതിന് ഒമ്പത് ലക്ഷം രൂപ 2006-07ൽ കരുളായി ഗ്രാമപഞ്ചായത്തിന് അനുവദിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ തുക നിക്ഷേപിക്കുകയും മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് അധികാരികൾ ഈ നിരക്കിൽ വീട് നിർമാണം ഏറ്റെടുക്കാൻ കഴില്ലെന്ന് അറിയിച്ചു.
ദൂരെയുള്ള പ്രദേശത്താണ് വീടിന്റെ നിർമ്മാണം നടത്തേണ്ടത്. അതിന് വീടൊന്നിന് 2.5 ലക്ഷം രൂപ എന്ന നിരക്കിൽ തുക വർധിപ്പിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. പട്ടികവർഗ വകുപ്പ് അക്കാര്യവും അംഗീകരിച്ചു. 2014 ഓഗസ്റ്റ് 27ന് 16 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിക്കുന്നതിന് സർക്കാർ അനുമതി നൽകി.
ഐ.ടി.ഡി.പി ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. എന്നിട്ടും പഞ്ചായത്ത് വീട് നിർമാണം നടത്തിയില്ല. ഗ്രാമപഞ്ചായത്തിന് അധികമായി അനുവദിച്ച 16 ലക്ഷം രൂപ നിലമ്പൂർ സബ് ട്രഷറിയിലേക്ക് 2016 ഒക്ടോബർ 20ന് റീഫണ്ട് ചെയ്തതായി പ്രോജക്ട് ഡയറക്ടർ മറുപടി നൽകി. ആദ്യം അനുവദിച്ച തുക തിരിച്ച് നൽകിയിട്ടില്ല. ആ തുക തിരികെ നൽകുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും കത്ത് നൽകി കാത്തിരിക്കുകയാണ് പട്ടികവർഗ വകുപ്പ്.
താഴെക്കോട് ഗ്രാമപഞ്ചായത്തിൽ പ്രാക്തന ഗോത്രവർഗ വിഭാഗത്തിനായി 2009-10 കാലത്തെ സി.സി.ഡി പ്ലാനിൽ 11 വീടുകൾ അനുവദിച്ചു. പദ്ധതി നടപ്പാക്കേണ്ട ഉത്തവാദിത്തം ഗ്രാമപഞ്ചായത്തിനായിരുന്നു. വീടൊന്നിന് 22,500 രൂപ നിരക്കിൽ ആകെ 2,47,500 രൂപ 2010 ജൂലൈ മൂന്നിന് ഗ്രാമപഞ്ചായത്തിന് അനുവദിച്ചു. ആദ്യ ഗഡു ലഭിച്ച പഞ്ചായത്ത് വീട് നിർമാണം തുടങ്ങിയില്ല. അതിനാൽ, തുടർന്നുള്ള ഗഡുവും അനുവദിച്ചില്ല. നിർമാണം ആരംഭിക്കാത്തതിനാൽ കഴിഞ്ഞ 11 വർഷമായി തുക ഉപയോഗിക്കാതെ പഞ്ചായത്തിന്റെ കൈവശമാണ്. ഗുണഭോക്താക്കളായ ആദിവാസികൾ തലചായ്ക്കാൻ ഇടമില്ലാതെ അലയുന്നു.
വീട് നിർമാണത്തിന് ദുഷ്‌കരമായ ഭൂപ്രദേശമായതിനാൽ നിർമാണം മുന്നോട്ട് പോയില്ലെന്നാണ് പഞ്ചായത്ത് നൽകുന്ന മറുപടി. നിർമാണം നടത്തിയില്ലെങ്കിലും തുക മടക്കികൊടുക്കാനും പഞ്ചായത്ത് തയാറായില്ല. ഒടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് തുക തിരികെ ലഭിക്കുന്നതിന് അനുമതിക്കായി ഡയറക്ടർക്ക് കത്ത് നൽകി കാത്തിരക്കുകയാണ് പട്ടികവർഗ വകുപ്പ്.
അമ്പുമല സ്പെഷൽ പാക്കേജാണ് ചാലിയാർ ഗ്രാമപഞ്ചായത്ത് അട്ടിമറിച്ചത്. ഗ്രാമപഞ്ചായത്തിന് ആദിവാസികൾക്ക് 22 വീടുകളുടെ നിർമാണത്തിനായി 2011 ഫെബ്രുവരി 25ന് 27.50 ലക്ഷം രൂപ അനുവദിച്ചു. തുടർന്ന് 2013 മാർച്ച് 22നും 27.50 ലക്ഷം രൂപ അനുവദിച്ചു. ആകെ 55 ലക്ഷം രൂപ. ദുർഘടമായ ഭൂപ്രകൃതിയുള്ള ഭാഗത്ത് റോഡുകൾ മഴയെത്തുടർന്ന് തകർന്നതിനാൽ, വീട് നിർമാണം ഇഴഞ്ഞുനീങ്ങി. ഓഡിറ്റ് സംഘം പരിശോധന നടത്തുമ്പോഴും നിർമാണം പൂർത്തീകരിച്ചിട്ടില്ല. 22 വീടുകളിൽ 10 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായതായി ഒടുവിൽ മറുപടി നൽകി.
അതുപോലെ, മമ്പാട് ഗ്രാമപഞ്ചായത്തിലെ കല്ലായിക്കൽ ആദിവാസി കോളനിയിൽ സംരക്ഷണഭിത്തി നിർമാണം തുടങ്ങിയിട്ടില്ല. മഴക്കാലത്ത് വീടുകളെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി നിർമിക്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ് 1.41 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. ഈ തുകയ്ക്ക് ജില്ലാതല പ്രവർത്തക സമിതി യോഗത്തിൽ അംഗീകാരം നൽകി. 2020 മാർച്ച് 21ന് നിർമാണം പൂർത്തീകരിക്കണമെന്ന നിർദേശത്തോടെ 2019 ജൂലൈ18ന് ഉത്തരവിട്ടു. മഞ്ചേരി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്ക് തുക അനുവദിച്ചു.
മണ്ണ് സംരക്ഷണ വകുപ്പാണ് ഈ നിർമാണത്തിനുള്ള ടെൻഡർ വിളിച്ചത്. നിർമാണം റീ ടെൻഡർ ചെയ്തപ്പോൾ ഒരു ലേലക്കാരൻ ക്വോട്ട് ചെയ്‌ത തുക 1.55 ലക്ഷം രൂപയായിരുന്നു. അത് നേരത്തെ കണക്കാക്കിയ തുകയേക്കാൾ കൂടുതലായിരുന്നു. പുതുക്കിയ ഭരണാനുമതി നൽകണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടു. ജില്ലാതല പ്രവർത്തക സമിതി യോഗത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു. 2021 മാർച്ച് 18-നകം നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടും മണ്ണ് സംരക്ഷണ വകുപ്പ് പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.