നാട് ഉറങ്ങാതിരുന്നത് പത്തുനാൾ; ഒടുവിൽ കെണിയിൽ
text_fieldsവാകേരി: ക്ഷീരകർഷകനായ വാകേരി കൂടല്ലൂര്‍ മറോട്ടിത്തറപ്പില്‍ പ്രജീഷിനെ കടുവ കൊന്ന് പാതി ഭക്ഷിച്ചതിനുശേഷം നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു.. കഴിഞ്ഞ പത്തു ദിവസമായി വനംവകുപ്പ് ദൗത്യസംഘത്തെയും നാട്ടുകാരെയും ഭീതിയിലാക്കിയ കടുവ കൂട്ടിലായതോടെ ആശ്വാസത്തിലാണ് നാട്ടുകാർ. ഈ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. കടുവക്കായി തിരച്ചിൽ ഊർജിതമായി നടക്കുന്നതിനിടെ കൂടല്ലൂരിൽനിന്നു അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള കല്ലൂര്‍ക്കുന്നിലെ വാകയില്‍ സന്തോഷിന്റെ അഞ്ചുമാസം ഗര്‍ഭിണിയായ പശുവിനെ ശനിയാഴ്ച രാത്രി 11.30യോടെ കടുവ പിടികൂടി കൊന്നു. അതോടെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. ഈ കൂട്ടിൽ കടുവ കൊന്ന പശുവിനെ തന്നെ ഇരയാക്കിവെച്ചു. കൊന്ന പശുവിനെ തേടി കടുവ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ പാപ്ലശ്ശേരിയിൽ വീടിന് സമീപം നിന്ന എട്ടുവയസ്സുകാരി സമീപത്തെ തോട്ടത്തിലുടെ നടന്നുപോകുന്ന കടുവയെ കണ്ടിരുന്നു.
വൈകീട്ട് അഞ്ചുമണിയോടെ വാകേരി വട്ടത്താനി ചൂണ്ടിയാനിക്കവലയിലെ ആണ്ടൂർ വർഗീസും ഭാര്യ ആനീസും വയലിൽ പുല്ലരിയുന്നതിനിടെ അഞ്ചുമീറ്റർ അകലെയായി ഇരുവരും കടുവയെ കണ്ടിരുന്നു. പേടിച്ചുവിറച്ച വർഗീസും ഭാര്യയും ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് തിരച്ചിൽ നടത്തുകയും കടുവയെ കാണുകയും ചെയ്തു. എന്നാൽ സാഹചര്യം ഒത്തുവരാത്തതിനാൽ മയക്കുവെടിവെക്കാൻ സാധിച്ചില്ല. പശുവിനെ കൊന്ന സന്തോഷിന്റെ ആട്ടിൻ കൂടിനുസമീപം ഞായറാഴ്ച രാത്രിയോടെ കടുവ വീണ്ടും രണ്ടുതവണ എത്തി. രാത്രി ഏഴരയോടെ ആടിൻകൂടിനുസമീപം എത്തിയ കടുവ കൂട് തകർക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആളുകൾ ഒച്ചവെച്ചതോടെ പിൻവാങ്ങുകയായിരുന്നു. പുലർച്ച വരെ വനം വകുപ്പും നാട്ടുകാരും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ, കടുവ കൂടിന് സമീപം പോയില്ല. വനംവകുപ്പ് ആർ.ആർ.ടിയും ഷൂട്ടിങ് ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കുടുക്കാൻ കഴിഞ്ഞില്ല. വിവിധയിടങ്ങളിലായി ആറോളം കൂടുകളാണ് വെച്ചിട്ടുള്ളത്. കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നടക്കം റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ ഞായറാഴ്ച തിരച്ചിലിന് എത്തിയിരുന്നു. നൂറോളം പേരാണ് തിരച്ചിൽ നടത്തിയിരുന്നത്. കുങ്കിയാനകളെ ഉപയോഗിച്ചും തിരച്ചിൽ നടത്തി. ഉത്തര മേഖല സി.സി.എഫ് കെ.എസ്. ദീപ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന കരീം എന്നിവർ ക്യാമ്പ് ചെയ്താണ് നിർദേശങ്ങൾ നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.