ഗർജനം, രോദനം
text_fieldsസുൽത്താൻ ബത്തേരി: കൂട്ടിലായ കടുവയെ കൊല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രദേശവാസികൾ രംഗത്ത് വന്നത് വാകേരി കോളനിക്കവലയിൽ നാടകീയ രംഗങ്ങൾക്കിടയാക്കി.
യുവാവിനെ അതിക്രൂരമായി കൊന്നുതിന്ന നരഭോജി കടുവയെ തങ്ങളുടെ മുന്നിൽവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കോളനിക്കവലയിലെ കാപ്പിത്തോട്ടത്തിനുള്ളിൽ നാട്ടുകാരും വനം വകുപ്പ് അധികൃതരും തമ്മിൽ പലതവണ വാഗ്വാദം നടന്നു. ഉച്ചക്ക് 2.40 ഓടെ കോളനിക്കവലയിൽ കാപ്പിത്തോട്ടത്തിൽവെച്ച കൂട്ടിൽ കടുവ കുടുങ്ങിയതറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും വനംവകുപ്പധികൃതർ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇതിനിടെ വാഹനത്തിൽ കയറ്റി കടുവയെ പുറത്തേക്കു കൊണ്ടുപോകാനാണ് വനംവകുപ്പ് നീക്കമെന്ന് മനസ്സിലാക്കിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളിച്ചു നാട്ടുകാർ. സ്ത്രീകൾ ഉൾപ്പെടെ പ്രതിരോധത്തിൽ അണിനിരന്നു.
ഞങ്ങളെ കൊന്നിട്ട് കടുവയെ ജീവനോടെ കൊണ്ടുപൊയ്ക്കോട്ടെയെന്നു പറഞ്ഞ് മരത്തിൽ കയറി യുവാവ് പ്രതിഷേധിച്ചു. പ്രജീഷിനെ കൊന്നുതിന്ന നരഭോജി കടുവയെ ഒരു കാരണവശാലും കൊല്ലാതെ വിടരുതെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ആവശ്യപ്പെട്ടു.
ഉച്ച മൂന്ന് മണിയോടെ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ എത്തി നാട്ടുകാരോട് സംസാരിച്ചു.
എം.എൽ.എയും കടുവയെ വെടിവെച്ചു കൊല്ലണമെന്ന നിലപാടിലായി. സുൽത്താൻബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷരീഫ് എം.എൽ.എയുമായി സംസാരിച്ചു. ഇതിനിടയിൽ, കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ അയൽവാസി മുത്തിമല അഭിലാഷ് എന്ന യുവാവ് മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി.
കടുവയെ കൊല്ലണമെന്നായിരുന്നു ആവശ്യം. വൈകീട്ട് അഞ്ചരയോടെ നാട്ടുകാരിൽ ചിലർ അനുനയിപ്പിച്ച് അദ്ദേഹത്തെ താഴെയിറക്കി.
വലിയ രീതിയിൽ മുദ്രാവാക്യം വിളിച്ചാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്രതിഷേധിച്ചത്.
കടുവയെ കൊല്ലണമെന്ന് തുടക്കം മുതൽ നാട്ടുകാർ ആവശ്യമുന്നയിച്ചു. ആ പ്രതീക്ഷയിലാണ് നാട്ടുകാർ അധികൃതരുടെ എല്ലാം നിർദേശങ്ങളും അനുസരിക്കുകയും സഹകരിക്കുകയും ചെയ്തിരുന്നത്. പ്രജീഷിനെ കടുവ കൊന്ന ഡിസംബർ ഒമ്പതിന് തന്നെ യോഗം ചേർന്നിരുന്നു. അതിലെ പ്രധാന ആവശ്യമായിരുന്നു നരഭോജി കടുവയെ വെടിവെച്ചുകൊല്ലണമെന്നത്. ആ ആവശ്യം നടപ്പാക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. ഉത്തരവ് ഇറങ്ങിയിട്ടേ പ്രജീഷിന്റെ മൃതദേഹം മോർച്ചറിയിൽനിന്നും ഏറ്റുവാങ്ങൂവെന്ന തീരുമാനത്തിലായിരുന്നു ഞായറാഴ്ച നാട്ടുകാർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയത്.
എന്നാൽ, കടുവയെ കൂട് വെച്ച് പിടിക്കുകയോ മയക്കുവെടിവെച്ച് പിടികൂടുകയോ ചെയ്യണമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയ ഉത്തരവിനെതിരെ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മോർച്ചറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇതേ തുടർന്ന് തിരുത്തി വീണ്ടും ഇറങ്ങിയ ഉത്തരവിലും കൂട് വെച്ച് പിടി കൂടുകയോ, അല്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുകയോ ചെയ്യണമെന്നും ഈ ദൗത്യം പരാജയപ്പെട്ടാൽ മാത്രം കടുവയെ വെടിവെച്ച് കൊല്ലണമെന്നുമാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.