സംസ്ഥാനത്ത് ലോക്ഡൗൺ തുടരും, ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് േലാക്ഡൗൺ തുടരുമെങ്കിലും പ്രഖ്യാപിച്ച ഇളവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. കയർ, കശുവണ്ടിയടക്കം വ്യവസായസ്ഥാപനങ്ങളിൽ 50 ശതമാനത്തിൽ കവിയാത്ത തൊഴിലാളികളെ നിയോഗിച്ച് പ്രവർത്തനമാരംഭിക്കാമെന്നതാണ് ഇതിൽ പ്രധാനം.
ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ അടിസ്ഥാനജനവിഭാഗത്തെ സംബന്ധിച്ച് ആശ്വാസം പകരുന്ന നീക്കമാണിത്. വ്യവസായസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാപനങ്ങള്‍, കടകള്‍ എന്നിവക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് വരെ തുറക്കാം.
ബാങ്കുകളുടെ പ്രവർത്തനസമയം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചിട്ടുണ്ട്. ക്ഷേമപെൻഷനുകളുടെയടക്കം വിതരണം ആരംഭിക്കാനിരിക്കെ ഇത് തിരക്കുകുറയാൻ ഇടയാക്കും.
പാഴ്വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടുദിവസം അത് മാറ്റാന്‍ അനുവദിക്കും. പോസ്റ്റ് ഒാഫിസുകളിൽ പണമടക്കാൻ ആർ.ഡി കലക്ഷൻ ഏജൻറുമാർക്ക് തിങ്കളാഴ്ചകളിൽ യാത്രാനുമതിയുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ആഴ്ചയിൽ ഇവർക്ക് രണ്ടുദിവസം അനുമതിയെന്ന് അറിയിച്ചിരുന്നെങ്കിലും ഇളവുകൾ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ തിങ്കളാഴ്ച മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചവർക്ക് ഒാഫിസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ജോലിയിൽ പ്രവേശിക്കാം. അല്ലാത്തവർക്ക് സമയം നീട്ടി നൽകും. പാഠപുസ്തകങ്ങൾ, വിവാഹാവശ്യത്തിനുള്ള വസ്ത്രങ്ങൾ, സ്വർണം, ചെരിപ്പ് എന്നിവ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങിൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം. നേരേത്തയുള്ള സർക്കാർ ഉത്തരവ് പ്രകാരം അനുവദനീയമായ സ്ഥാപനങ്ങൾക്ക് നിശ്ചിത ദിവസങ്ങളിൽ സമയം പാലിച്ച് പ്രവർത്തിക്കുന്നത് തുടരാമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
അതേസമയം, മൊബൈൽ, ലാപ് ടോപ് സർവിസ് സെൻററുകൾക്കും വിൽപനശാലകൾക്കും നിലവിൽ ശനി, ചൊവ്വ ദിവസങ്ങൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഒാൺലൈൻ ക്ലാസുകളടക്കം ആരംഭിക്കാനിരിക്കെ മൊബൈൽ ഫോണുകൾ നന്നാക്കുന്നതിനും മറ്റും നിരവധി പേരാണ് കാത്തിരിക്കുന്നത്. ശനിയാഴ്ച കടകൾ തുറന്നെങ്കിലും വലിയ തിരക്കുണ്ടായി. ഇത്തരം സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം പ്രവർത്തനാനുമതി നൽകണമെന്ന് കടയുടമകളിൽനിന്നും ഉപഭോക്താക്കളിൽനിന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.