സർക്കാർ പണം ജനങ്ങളുടേത്, അത് തോന്ന്യാസം കാണിക്കാനുള്ളതാണോയെന്ന് ലോകായുക്ത
text_fieldsതിരുവനന്തപുരം: സർക്കാർ പണമെന്നാൽ ജനങ്ങളുടെ പണമാണെന്നും അത് തോന്ന്യാസം കാണിക്കാനുള്ളതാണോയെന്നും ഉപലോകായുക്ത ഹാറൂൺ അൽ റഷീദ്. സർക്കാർ ഖജനാവിൽ പണം കുറവുള്ള സാഹചര്യത്തിലും ആവശ്യമില്ലാത്ത പദ്ധതികൾ നടപ്പാക്കുകയാണ്. എൻ.സി.പിയെ പോലൊരു രാഷ്ട്രീയപാർട്ടി വിചാരിച്ചാൽ 50 ലക്ഷം രൂപ അവരുടെ അന്തരിച്ച നേതാവിന്‍റെ കുടുംബത്തിന് നൽകാൻ സാധിക്കും. പക്ഷേ, അതിന് സർക്കാർ പണം ആലോചനയില്ലാതെ ചെലവാക്കി. സർക്കാറിന്‍റെ എടുത്തുചാട്ടം കുറയ്ക്കണം. നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസനിധി ഫണ്ട് വിനിയോഗം സംബന്ധിച്ച കേസിന്‍റെ വാദം കേൾക്കവെയായിരുന്നു ഉപലോകായുക്തയുടെ പ്രതികരണം.
ദുരിതാശ്വാസനിധിയിൽനിന്ന് പണം നൽകാൻ സർക്കാറിന് അധികാരമുണ്ട്. എന്നാൽ, ഇവിടെ സർക്കാറിന്‍റെ ഉത്തരവ് അനുസരിച്ച് പാലിക്കേണ്ട നടപടികൾ സ്വീകരിക്കാതെയാണ് മന്ത്രിസഭ തീരുമാനമെന്നാണ് തന്‍റെ പരാതിയെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പറഞ്ഞു. മന്ത്രിസഭ തീരുമാനപ്രകാരം എത്ര തുക വേണമെങ്കിലും അനുവദിക്കാം. ഇത്തരം തീരുമാനങ്ങൾക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ കുറ്റക്കാരാകുന്നതെങ്ങനെയെന്ന് ലോകായുക്ത സിറിയക് ജോസഫ് ആരാഞ്ഞു. സമൂഹത്തിൽ ഏതുതരത്തിൽ ജീവിച്ചവർക്കും മരിച്ചുകഴിഞ്ഞാൽ സഹതാപം തോന്നി ഖജനാവിലെ പണം വാരിക്കോരി നൽകുന്നതിൽ ഒരു സർക്കാറുകളും പിന്നിലല്ലെന്നും സിറിയക് ജോസഫ് നിരീക്ഷിച്ചു.
മന്ത്രിസഭക്ക് എന്തു തീരുമാനവും എടുക്കാമെന്നും അത് കൂട്ടുത്തരവാദിത്തമാണെന്നും അത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും അതിനാൽ ഹരജി തള്ളണമെന്നും സർക്കാർ അറ്റോർണി ടി.എ. ഷാജി വാദിച്ചു.
ഹരജിക്കാരനായ ആർ.എസ്. ശശികുമാറിന്‍റെ വാദം പൂർത്തിയായി. എൻ.സി.പി നേതാവ് പരേതനായ ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും സി.പി.എം എം.എൽ.എ ആയിരുന്ന പരേതനായ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് വാഹന, സ്വർണപ്പണയ വായ്പയും തിരിച്ചടക്കാൻ 8.5 ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് ജോലിക്ക് പുറമെ 20 ലക്ഷം രൂപയും അനുവദിച്ചത് സ്വജനപക്ഷപാതമാണെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്നുമുള്ള കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാറിന്‍റെ ഹരജിയിലാണ് വാദം കേട്ടത്. സർക്കാർ വാദം മാർച്ച് 18ന് ലോകായുക്ത പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.