കോൺഗ്രസിൽ അഴിച്ചുപണി ഉടനില്ല; ചെന്നിത്തല തുടർന്നേക്കും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയെങ്കിലും കോൺഗ്രസിൽ അടിയന്തരമായി നേതൃമാറ്റമുണ്ടായേക്കില്ല. നിയമസഭ ഉടൻ ചേരുന്നതിനാൽ പ്രതിപക്ഷ നേതാവിനെ കണ്ടെത്തണം. മേയ് 20ന് എത്തുന്ന കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ഇക്കാര്യവും ചർച്ചയാകും. പ്രതിപക്ഷ നേതൃസ്ഥാനത്ത് തല്ക്കാലം രമേശ് ചെന്നിത്തല തന്നെ തുടർന്നേക്കും. പി.ടി. തോമസ് നിയമസഭാകക്ഷി ഉപനേതാവാകാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് ഫലം അടക്കം ചർച്ച ചെയ്യാനാണ് അശോക് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിലുള്ള ഹൈകമാൻഡ് സംഘമെത്തുന്നത്്.
നിയമസഭാ കക്ഷിയിൽ ചെന്നിത്തലയെ പിന്തുണക്കുന്നവരാണ് ഭൂരിപക്ഷം. വി.ഡി. സതീശനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ശക്തമായുണ്ട്. എന്നാൽ, ചെന്നിത്തലയെ തൽക്കാലം മാറ്റേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഒരാളെ മാത്രമായി മാറ്റുന്നതിനോടും പൊതുവെ യോജിപ്പില്ല. പ്രതിപക്ഷനേതാവ്, കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കണ്‍വീനര്‍ എന്നീ മൂന്ന് സ്ഥാനങ്ങളും ഒരു പാക്കേജിെൻറ അടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കാൻ ഹൈകമാൻഡ് ആലോചിക്കുന്നെന്നാണ് സൂചനകൾ. ദേശീയതലത്തില്‍ നടക്കുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പും മറ്റുമായി ബന്ധപ്പെട്ടാകും ഇത്. അതുവരെ നിലവിലുള്ളവർ തുടർന്നേക്കും.
ചെന്നിത്തല ആവശ്യപ്പെട്ടാൽ മാത്രമാകും െഎ ഗ്രൂപ്പിൽനിന്ന് മറ്റ് പേരുകൾ ഉയരുക. മികച്ച പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തല എന്ന വാദം കോൺഗ്രസ് നേതാക്കൾ സമ്മതിക്കുന്നു. എന്നാൽ, ഇടതിനെ പരാജയപ്പെടുത്താനായില്ല. അവസരത്തിലും അനവസരത്തിലും സര്‍ക്കാറിനെതിരെ അദ്ദേഹം നടത്തിയ നീക്കങ്ങൾ പരാജയത്തിന് ആക്കം കൂട്ടിയെന്ന് വിലയിരുത്തുന്നവരുമുണ്ട്. ചെന്നിത്തല പ്രതിപക്ഷ നേതാവായാൽ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് സ്ഥാനം എ ഗ്രൂപ്പിനായിരിക്കും. യു.ഡി.എഫിെൻറ നിയമസഭാകക്ഷി ഉപനേതാവായി പി.കെ. കുഞ്ഞാലിക്കുട്ടി വരും. ആ സാഹചര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സീനിയര്‍ നേതാവായുണ്ടെങ്കിലും സാമുദായിക സമവാക്യങ്ങള്‍ പാലിക്കുന്നതിനായി പി.ടി. തോമസിനെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവാക്കുമെന്നും സൂചനയുണ്ട്. യു.ഡി.എഫിെൻറ ചീഫ് വിപ്പ് സ്ഥാനം ജോസഫ് ഗ്രൂപ്പിനും നൽകിയേക്കും.
സത്യപ്രതിജ്ഞ കഴിഞ്ഞ് ചേരുന്ന ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ തന്നെ നിയമസഭ വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനാണ് സാധ്യത. സാമാജികരുടെ സത്യപ്രതിജ്ഞക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പിനുമായിട്ടായിരിക്കും സഭ ചേരുക. മിക്കവാറും ഈ മാസം 24ന് തന്നെ സഭ വിളിച്ചുചേര്‍ക്കാന്‍ സാധ്യതയുണ്ട്. കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞ തുറന്ന സ്ഥലത്ത് നടത്തുന്നതും പരിശോധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.