ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു; അപകടം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ
text_fieldsകേച്ചേരി: പട്ടിക്കരയിൽ ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി വീട്ടമ്മ മരിച്ചു. പട്ടിക്കര സ്വദേശി രായ്മരയ്ക്കാർ വീട്ടിൽ ഷെരീഫിന്റെ ഭാര്യ ഷെബിതയാണ് (43) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4.30ഓടെ പട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം.
റോഡിലൂടെ നടന്നുപോകുന്നതിനിടെ ലോറി തട്ടിവീണ ഷെബിതയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ബാബ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വാഹനമാണ് അപകടത്തിൽപെട്ടത്. റോഡ് നിർമാണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ച സ്ഥലത്തേക്ക് കയറിയ വാഹനം പിറകോട്ട് വന്നതോടെയാണ് അപകടം സംഭവിച്ചത്. പട്ടിക്കരയിലെ തറവാട് വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു സംഭവം. ഷെബിതയുടെ ഭർത്താവ് ഷെരീഫ് വിദേശത്താണ്.
മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ കൗകാനപെട്ടി സ്വദേശി മനോജിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
വെള്ളറക്കാട് പാറക്കൽ വീട്ടിൽ പരേതനായ അബൂബക്കർ-ഫാത്തിമ ദമ്പതികളുടെ മകളാണ് ഷെബിത. മക്കൾ: ഷൈമ ഷെറിൻ, നീമ ഷെറിൻ, ഷിഫ, നിസ്ബ. ഖബറടക്കം ശനിയാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.