‘നഷ്ടം എളുപ്പത്തിൽ നികത്താനാവില്ല, ഒരേ കട്ടിലില്‍ കിടന്നുറങ്ങിയ ഓര്‍മ എന്നും എനിക്കുണ്ടാവും’; എം.ടിയെ അനുസ്മരിച്ച് ടി. പത്മനാഭൻ
text_fieldsകോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ നഷ്ടം എളുപ്പത്തിൽ നികത്താനാവില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭൻ അനുസ്മരിച്ചു. എം.ടിയുടെ വിയോഗത്തില്‍ താന്‍ ഏറെ ദുഃഖിതനാണെന്നും വളരെ ചെറുപ്പത്തില്‍ തന്നെ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വിക്ടോറിയ കോളജില്‍ പഠിക്കുന്ന കാലം തൊട്ട് പരിചയമുണ്ട്. അക്കാലത്ത് അദ്ദേഹത്തോടൊപ്പം ഒരേ കട്ടിലില്‍ കിടന്നുറങ്ങിയ ഓര്‍മ എന്നും എനിക്കുണ്ടാവും. എം.ടിയുടെ ജേഷ്ഠന്‍ എം.ടി.എന്‍. നായരിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്നേക്കാള്‍ മൂന്നോ നാലോ വയസ് കുറവാണ് എം.ടിക്ക്. എങ്കിലും ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അത് ഏറിയും കുറഞ്ഞും ഈ കാലമത്രയും നില നില്‍ക്കുകയും ചെയ്തിരുന്നു.
ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ അദ്ദേഹത്തെ കാണാൻ പോകാൻ കഴിഞ്ഞില്ല. വീഴ്ചയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നമുണ്ട്. ആരോഗ്യമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പോയി കാണുമായിരുന്നു. രണ്ട് കൊല്ലം മുമ്പാണ് എം.ടിയെ ഏറ്റവും ഒടുവിൽ കണ്ടത്. അദ്ദേഹത്തിന്‍റെ അന്ത്യം ഇത്ര വേഗത്തിൽ വരുമെന്ന് വിചാരിച്ചില്ല. അദ്ദേഹത്തിന്‍റെ മരണത്തിൽ വേദനയുണ്ട്. താൻ ചെറുകഥയിൽ മാത്രം ഒതുങ്ങി. അത്ര മാത്രമെ എനിക്ക് കഴിയുകയുള്ളു. എന്നാൽ, എം.ടി അങ്ങനെ അല്ല. എം.ടിയുടെ ലോകം വിശാലമാണ്. ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല. എം.ടിയുടെ വിയോഗം തീരാനഷ്ടമാണ്. ആര് മരിച്ചാലും ഇങ്ങനെ പറയുമെങ്കിലും എം.ടിയുടെ കാര്യത്തിൽ അത് സത്യമാണെന്നും പത്മനാഭൻ അനുസ്മരിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി പത്തോടെയാണ് എം.ടിയുടെ അന്ത്യം. സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നതുമുതല്‍ അന്ത്യോപചാരങ്ങളര്‍പ്പിക്കാനായി ആളുകൾ ഒഴുകുകയാണ്. സംസ്കാരം വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.