കോളടിച്ച് ലോട്ടറി നികുതി 2000 കോടി മറികടന്നു
text_fieldsകൊച്ചി: ലോട്ടറിയിൽ നിന്നുള്ള നികുതി 2000 കോടി രൂപ മറികടന്നു. 2021-22 സാമ്പത്തിക വർഷം കേരള സംസ്ഥാന ലോട്ടറി വിറ്റത് വഴി 2000.47 കോടി രൂപയുടെ നികുതിയാണ് ഖജനാവിലെത്തിയത്. സംസ്ഥാന ലോട്ടറി വിറ്റ വകയിൽ നികുതി വഴി ആറ് വർഷത്തിനുള്ളിൽ ഖജനാവിലെത്തിയത് 10382.27 കോടി രൂപയാണ്. ലോട്ടറി ടിക്കറ്റ് വിറ്റ് 47719.31 കോടി രൂപയും കേരളത്തിന് ലഭിച്ചുവെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 16,703 സർക്കാർ അംഗീകൃത ഏജൻറുമാരാണ് ലോട്ടറി വിറ്റത്. 2019-2020 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ വരുമാനം ലോട്ടറി വിറ്റ് ലഭ്യമായത്- 9972.09 കോടി. കോവിഡ് രൂക്ഷമായ 2020-2021 ൽ 4910.83 കോടിയായി വരുമാനം ചുരുങ്ങി. ഒന്നാം പിണറായി വിജയൻ സർക്കാറിന്‍റെ കാലത്ത് ഏറ്റവും കുറവ് നികുതി വരുമാനം ലഭിച്ചത് 2017-18ലാണ്. 841.68 കോടി രൂപയായിരുന്നു അന്ന് ലഭിച്ച തുക.
2011-12 മുതൽ 2014-15 വരെയുള്ള ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് ലോട്ടറി വിറ്റ വകയിലെ നികുതി 4457 കോടിയാണ്. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ലോട്ടറി ഡയറക്ടറേറ്റ് നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്. 2015-16 മുതൽ 2020-21 വരെയുള്ള കാലഘട്ടത്തിൽ ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് 9134.78 കോടി രൂപ ലോട്ടറി വിറ്റ തുകയിൽ ലാഭമുണ്ടാക്കിയിരുന്നു. 2016 മുതൽ 2020 വരെ മാത്രം സമ്മാനാർഹർ സമ്മാനം വാങ്ങാത്ത ഇനത്തിൽ 291 കോടി രൂപ സർക്കാറിലേക്ക് മുതൽക്കൂട്ടിയിരുന്നു.
സാമ്പത്തിക വർഷം, നികുതി വരുമാനം (കോടിയിൽ)
2021-22 2000.47
2020-21 1375.04
2019-20 1273.56
2018-19 1111.52
2017-18 841.68
2016-17 1915
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.