തൂണേരിയിലെ വരികൾ പറയുന്നു; ‘കലാപ്രതിഭകളെ സ്വാഗതം, സുസ്വാഗതം
text_fields63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി ശ്രീപദ്മനാഭന്റെ മണ്ണിൽ കാലുകുത്തുന്ന കലാപ്രതിഭകൾക്ക് സ്വാഗതമേകികൊണ്ടുള്ള ഗാനമൊരുക്കിയത് കോഴിക്കോട് നാദാപുരത്തിനടുത്തുള്ള തൂണേരിയിലെ മേൽശാന്തി.
തൂണേരിയിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനിവാസന് തൂണേരിയുടെ വരികളാണ് ഇത്തവണ കലോത്സവ സംഘാടക സമിതി സ്വാഗതഗാനമായി തെരഞ്ഞെടുത്തത്. കേരള നവോത്ഥാന ചരിത്രവും സാംസ്കാരിക പാരമ്പര്യവുമെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ശ്രീനിവാസന്റെ വരികൾക്ക് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് കാവാലം ശ്രീകുമാറാണ്.
കുട്ടിക്കാലം മുതൽ കവിതകൾ എഴുതിത്തുടങ്ങിയ ശ്രീനിവാസൻ, സ്കൂൾ കലോത്സവങ്ങളിൽ കവിതാരചനയിൽ സമ്മാനം നേടിയിട്ടുണ്ട്.സ്കൂൾ വിട്ട് കോളജിലെത്തിയപ്പോഴും കവിതയെഴുത്ത് വിട്ടില്ല. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍സോണ്‍ കവിതാരചനയില്‍ മൂന്നുതവണ ഒന്നാംസ്ഥാനം ലഭിച്ചിട്ടുണ്ട്. ഒരുതവണ രണ്ടാംസ്ഥാനവും നേടി. ഫോക്ലോറില് ബിരുദാനന്തര ബിരുദധാരിയാണ്.
മൗനത്തിന്റെ സുവിശേഷം (2017), ഇഞ്ചുറി ടൈം (2023) എന്നീ രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതൽ സമൂഹമാധ്യമങ്ങളിലും സജീവമായി എഴുതുന്നു.
ബംഗാള്‍ രാജ്ഭവന് ഏര്‍പ്പെടുത്തിയ ഗവര്‍ണേഴ്സ് എക്സലന്‍സി കവിതാ പുരസ്കാരം, തുഞ്ചന്‍ ഉത്സവം ദ്രുതകവിതാ പുരസ്കാരം, അങ്കണം സാംസ്കാരികവേദി ടി.വി കൊച്ചുബാവ സ്മാരക കവിതാ പുരസ്കാരം, എറണാകുളം ജനകീയ കവിതാവേദിയുടെ ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്കാരം, ഉത്തര കേരള കവിതാ സാഹിത്യവേദി അക്കിത്തം സ്മാരക പുരസ്കാരം, നല്ലെഴുത്ത് കാവ്യാങ്കണം പുരസ്കാരം, സപര്യ രാമായണ കവിതാ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍: നീഹാര, അഗ്നിവേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.