നിക്കാഹിന് വധുവിനെ പള്ളിയിൽ പ്രവേശിപ്പിച്ചതിനെ അംഗീകരിക്കുന്നില്ലെന്ന് മഹല്ല് കമ്മിറ്റി
text_fieldsകുറ്റ്യാടി: കഴിഞ്ഞ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമം വിവാദമായതോടെ പള്ളിയിലെ നിക്കാഹ് വേദിയിൽ വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന പ്രസ്താവനയുമായി മഹല്ല് ജമാഅത്ത് കമ്മിറ്റി. കഴിഞ്ഞദിവസം ചേർന്ന യോഗമാണ് പ്രസ്താവനയിറക്കിയത്. മഹല്ല് ജനറൽ സെക്രട്ടറിയോട് നിക്കാഹിന്റെ തൊട്ടുമുമ്പാണ് കുടുംബം അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലക്കാണ് അനുവദിച്ചത്. അത് വലിയ വീഴ്ചയാണ്.
മഹല്ല് കമ്മിറ്റിയിൽനിന്നോ അംഗങ്ങളിൽനിന്നോ പണ്ഡിതരിൽനിന്നോ സെക്രട്ടറിക്ക് അനുവാദം ലഭിച്ചിട്ടില്ല. ലഭിച്ചുവെന്ന് പറയുന്നത് മഹല്ലിന് പുറത്ത് നടന്ന മറ്റൊരു വിവാഹ വേദിയുമായി ബന്ധപ്പെട്ടാണെന്നും അറിയിച്ചു. സെക്രട്ടറി നിരുപാധികം കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പള്ളിയിൽ ഫോട്ടോ സെഷൻ സംഘടിപ്പിച്ചത് അനധികൃതമായിട്ടാണ്. ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് അത് നടത്തിയത്. പള്ളി അർഹിക്കുന്ന മര്യാദകൾ നഗ്നമായി ലംഘിച്ചുകൊണ്ട് അത്തരം ഒരു നീക്കം നടത്തിയതിൽ വധുവിന്റെ കുടുംബമാണ് ഉത്തരവാദികൾ. ഏതൊരു വിശ്വാസിയും പ്രാഥമികമായി പാലിക്കാൻ ബാധ്യതപ്പെട്ട കാര്യങ്ങളിലാണ് കുടുംബം വീഴ്ച വരുത്തിയിരിക്കുന്നത്.
അക്കാര്യം ഗുരുതരമായ വീഴ്ചയാണെന്ന് മഹല്ല് പ്രതിനിധി സംഘം കുടുംബനാഥനെ നേരിട്ട് അറിയിക്കും. ഈ വിഷയത്തിൽ ഉണ്ടായ അശ്രദ്ധയിലും ജാഗ്രതക്കുറവിലും വിശ്വാസി സമൂഹത്തിന് വലിയ പ്രയാസം ഉണ്ടായിട്ടുണ്ട്. അതിൽ മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. പള്ളിയിൽ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റ ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കുമെന്നും വെള്ളിയാഴ്ച നടക്കുന്ന മഹല്ല് ജനറൽ ബോഡിയിൽ വിശദീകരിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.