മോഷ്ടിച്ച ഫോണിലെ ഗൂഗ്ൾ പേ വഴി മുക്കാൽ ലക്ഷം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
text_fieldsപാണ്ടിക്കാട്: ഹോട്ടൽ ഉടമയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഗൂഗ്ൾ പേ ഉപയോഗിച്ച് 75,000 രൂപ ട്രാൻസ്ഫർ ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ. ആമക്കാട് സ്വദേശി പാലപ്ര സിയാദിനെയാണ് (36) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 23നാണ് കേസിനാസ്പദമായ സംഭവം. പാണ്ടിക്കാട് ടൗണിൽ പ്രവർത്തിക്കുന്ന ഗായത്രി ഹോട്ടൽ ഉടമ മുരളീധരൻ പൂളമണ്ണയുടെ പണമാണ് തട്ടിയത്. ഹോട്ടലിലെ മുൻ ജീവനക്കാരനായ മുഹമ്മദ് ഇർഫാൻ മുരളീധരന്‍റെ ഗൂഗ്ൾ പേ പിൻ നമ്പർ മനസ്സിലാക്കുകയും ഫോൺ മോഷ്ടിച്ച് അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷാരിഖിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 75,000 രൂപ ട്രാൻസ്ഫർ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കേസിൽ മുഹമ്മദ് ഇർഫാനും മുഹമ്മദ് ഷാരിഖും മറ്റൊരു പ്രതി അബ്ദുൽ ഹഖും നേരത്തേ അറസ്റ്റിലായിരുന്നു. മുഖ്യ സൂത്രധാരനായ സിയാദ് ഒളിവിൽ കഴിയവെ നീലഗിരിയിൽനിന്നാണ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ മാത്രം ഏഴ് കേസുകളുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖ്, എസ്.ഐ ഇ.എ. അരവിന്ദൻ, എസ്.സി.പി.ഒ ശൈലേഷ് ജോൺ, പി. രതീഷ്, സി.പി.ഒമാരായ പി.കെ. ഷൈജു, കെ. ഷമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.