വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കവെ
text_fieldsതാമരശ്ശേരി: താമരശ്ശേരി അവേലം പയ്യംപടി വീട്ടിൽ മുഹമ്മദ് അഷ്‌റഫിനെ തട്ടികൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറിനെ (33) ആണ് കോഴിക്കോട് റൂറൽ എസ്.പി. ആർ. കറപ്പസ്വാമിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ 22ന് മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്. താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ എൽ.പി. സ്കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്കൂട്ടർ തടഞ്ഞ് അഷ്റഫിനെ കയറ്റി കൊണ്ട് പോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് കാറുകളും വാടകക്ക് എടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സുമോ കാർ വാടകക്ക് എടുക്കുമ്പോൾ കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ എന്നാളുടെ തിരിച്ചറിയൽ രേഖ നൽകിയിരുന്നു. അലി കരിപ്പൂർ സ്വർണകവർച്ച കേസിലെ പ്രതിയാണെന്ന് മനസിലാക്കിയ പൊലീസ് വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ 23ന് ടാറ്റാ സുമോ കാറും 25ന് സ്വിഫ്റ്റ് കാറും 25ന് ജൗഹറിന്‍റെ ഉടമസ്ഥതയിലുള്ള ജീപ്പും കസ്റ്റഡിയിലെടുത്തു.
പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിൽ മലപ്പുറം ജില്ലയിലെ സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് വ്യക്തമായി. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശിയുടെ കേരളത്തിലേക്ക് കടത്താനുള്ള സ്വർണം ഗൾഫിൽ തടഞ്ഞുവെച്ചത് വിട്ടുകിട്ടാൻ വേണ്ടിയാണ് മുക്കം സ്വദേശിയുടെ സഹോദരി ഭർത്താവായ അഷ്റഫിനെ തട്ടിക്കൊണ്ടു പോയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്വർണക്കടത്ത് സംഘത്തിൽപെട്ട പലരുടെയും വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. കേസിൽ ആറു പേരെ തിരിച്ചറിഞ്ഞതായി താമരശ്ശേരി ഇൻസ്പെക്റ്റർ ടി.എ. അഗസ്റ്റിൻ പറഞ്ഞു. തട്ടിക്കൊണ്ടു പോയ മുഹമ്മദ് അഷ്‌റഫിനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പിടിയിലായ ജൗഹറിന്റെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
പൊലീസ് പിടികൂടുമെന്നുറപ്പായ പ്രതി വിദേശത്തേക്ക് കടക്കുന്നതിനിടെയാണ് കരിപ്പൂർ സി.ഐയുടെയും കസ്റ്റംസിന്റെയും സഹായത്തോടെ പിടികൂടിയത്. താമരശ്ശേരി ഇൻസ്‌പെക്ടർ ടി.എ. അഗസ്റ്റിൻ, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, സുരേഷ് വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി എസ്.ഐമാരായ വി.എസ്. ശ്രീജിത്ത്, കെ. സത്യൻ, എ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ ഷമീർ, ജിലു സെബാസ്റ്റ്യൻ, മുഹമ്മദ് റാസിക്ക് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.