മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി പാലായിൽ; നിയമവിരുദ്ധമെന്ന് അൽമായ മുന്നേറ്റം
text_fieldsപാലാ/കൊച്ചി: സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി പാലായിൽ. ആഗസ്റ്റ് 22 മുതൽ 25 വരെ നടക്കുന്ന അസംബ്ലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി കൺവീനർ മാർ പോളി കണ്ണൂക്കാടൻ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലും സെന്റ് തോമസ് കോളജ് കാമ്പസിലുമായി നടക്കുന്ന സമ്മേളനത്തിൽ 50 ബിഷപ്പുമാരും 34 മുഖ്യവികാരി ജനറാൾമാരും 74 വൈദികപ്രതിനിധികളും 146 അൽമായരും 37 കന്യാസ്ത്രീകളും ഏഴ് വൈദിക വിദ്യാർഥികളും പങ്കെടുക്കും.
മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി കമ്മിറ്റി കോഓഡിനേറ്റർ ഫാ. ജോസഫ് തടത്തിൽ, ഫാ. ജോജി കല്ലിങ്ങൽ, ഫാ. ജെയിംസ് പനച്ചിക്കൽ കരോട്ട്, ഫാ. വി.സി. ആന്റണി വടക്കേക്കര, ഫാ. ജോസഫ് കുറ്റിയാങ്കൽ, സിജു സെബാസ്റ്റ്യൻ കൈമനാൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, പാലായിൽ നടത്തുന്ന സിറോ മലബാർ സഭയുടെ അസംബ്ലി, ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നതാണെന്ന് അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി ആരോപിച്ചു. സഭയിലെ മുഴുവൻ വിശ്വാസികൾക്കും അഭിപ്രായങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്താനുള്ള ഏക വേദിയാണ് അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന സിറോ മലബാർ അസംബ്ലി.
എന്നാൽ, ആരെയും അറിയിക്കാതെ രഹസ്യമായി ഡെലിഗേറ്റുമാരെ തീരുമാനിച്ച് രഹസ്യമായി വിഷയങ്ങൾ തീരുമാനിച്ച് നടത്തുന്നത് അസംബ്ലിയുടെ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുമെന്ന് അൽമായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.