സ്വപ്ന സാക്ഷാൽകാരത്തിലേക്ക് കിലോമീറ്ററുകൾ മാത്രം; മോഹം പൂവണിയാതെ അനസിന്റെ അന്ത്യയാത്ര
text_fieldsകന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റിങ് ബോർഡിൽ യാത്രക്കൊരുങ്ങിയ അനസ് ഹജാസ് മരണത്തിന് കീഴടങ്ങിയത് ലക്ഷ്യത്തിനരികെ. കശ്മീരിലെത്താൻ മൂന്ന് ദിവസത്തെ യാത്ര മാത്രം അവശേഷിക്കെയാണ് അനസ് അപകടത്തിൽ മരിക്കുന്നത്.
തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശി അലിയാർകുഞ്ഞിന്റെയും ഷൈലാബീവിയുടെയും മകൻ അനസ് കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റിങ് ബോർഡിൽ ഒറ്റക്ക് യാത്ര തുടങ്ങിയത് മേയ് 29നാണ്. കഴിഞ്ഞ ദിവസം ഹരിയാനയിലുണ്ടായ അപകടത്തിലാണ് അനസ് മരിക്കുന്നത്. റോഡിലൂടെ സ്കേറ്റ് ചെയ്ത് പോകുന്നതിനിടെ ട്രക്കിടിച്ചാണ് മരണം.
കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി മാസങ്ങൾ നീണ്ട യാത്രക്കൊടുവിൽ ലക്ഷ്യത്തിനരികെയുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് അനസിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. ലക്ഷ്യത്തിലെത്താൻ അനസിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സ്കേറ്റിങ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ച ഹരിയാനയിലെ പഞ്ചഗുളയില്‍ യാത്രക്കിടയില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനസിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ഹരിയാനയിലെ കല്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. നിയമനടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കള്‍ ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്.
സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. അനസ് ഹജാസ് സ്കേറ്റിങ് ബോർഡ് ആദ്യമായി സ്വന്തമാക്കിയത് മൂന്നുവർഷം മുമ്പാണ്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി പരിശീലനം നടത്തിയാണ് സ്കേറ്റിങ് ബോർഡിൽ കയറാനും യാത്രചെയ്യാനും പഠിച്ചത്. കൂടാതെ യൂട്യൂബിന്‍റെ സഹായവും തേടി. ബോർഡിൽ ശരീരം ബാലൻസ് ചെയ്യാൻ ഒരുവർഷത്തോളമെടുത്തു.
മാസങ്ങളുടെ കാത്തിരിപ്പോ പദ്ധതികളോ ഒന്നുമില്ലാതെയാണ് കശ്മീർ ലക്ഷ്യമാക്കി അനസ് ഹജാസ് യാത്ര പുറപ്പെട്ടത്. യാത്ര പുറപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് ഇതിനെക്കുറിച്ച് ചിന്തിച്ചതെന്ന് അനസ് നേരത്തെ പറഞ്ഞിരുന്നു. രണ്ട് ജോഡി വസ്ത്രവും ഷൂസും ഹെൽമറ്റും എടുത്ത് വീട്ടുകാരോട് യാത്ര പറഞ്ഞ് സുഹൃത്തിനൊപ്പം കന്യാകുമാരിയിലേക്ക് തിരിച്ചു. കൈയിൽ കുടിവെള്ളക്കുപ്പി പോലും കരുതിയിട്ടുണ്ടായിരുന്നില്ല. ബാഗിന്‍റെ ഭാരം വർധിച്ചാൽ സ്കേറ്റിങ് ബോർഡിന്‍റെ ചലനത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു അനസ് പറഞ്ഞിരുന്നത്.
കശ്മീർ യാത്ര പൂർത്തിയാക്കിയ ശേഷം ഭൂട്ടാൻ, നേപ്പാൾ, കംബോഡിയ രാജ്യങ്ങളിലേക്ക് സ്കേറ്റിങ് ബോർഡിൽ യാത്ര പോകണമെന്ന മോഹവും ബാക്കിവെച്ചാണ് അനസ് അന്ത്യയാത്ര പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.