ജോർജിന്‍റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം; പോസ്റ്റ്മോർട്ടം ഫലം കാക്കുന്നു
text_fieldsപറവൂർ: ചേന്ദമംഗലം പഞ്ചായത്ത് 15ാം വാർഡ് കൂട്ടുകാട് കൊല്ലമാപറമ്പിൽ ജോർജിന്റെ (57) മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. നഗരത്തിലെ മജ്ലിസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ 16ന് രാത്രി അവിടെ നിന്ന് പാർസൽ വാങ്ങിയ കുഴിമന്തി ജോർജും കുടുംബവും കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധ മൂലമാണ് മരണമെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആളുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.
കുഴിമന്തിയുടെ റൈസ്, മയോണൈസ്, സാലഡ് എന്നിവയാണ് വാങ്ങിയതെന്നും ചിക്കൻ വാങ്ങിയില്ലെന്നും വീട്ടുകാർ പറഞ്ഞു. പിറ്റേന്നു വയറിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ജോർജും ഭാര്യയും മകനും താലൂക്ക് ആശുപ്രതിയിൽ ചികിത്സ തേടി. നിലവഷളായതിനെത്തുടർന്ന് 18ന് ജോർജിനെ എറണാകുളം ജനറൽ ആശുപ്രതിയിൽ എത്തിച്ചു. തുടർന്ന് അന്നുരാത്രി തന്നെ ലൂർദ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. വയറുവേദന, വയറിളക്കം എന്നിവയാണ് ഉണ്ടായിരുന്നത്.27ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു മടങ്ങി. ശനിയാഴ്ച രാത്രി ഒമ്പതോടെ വീട്ടിൽവെച്ചു മരിച്ചു. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ജോർജ് പാർക്കിൻസൺ രോഗം ഉണ്ടായതിനെത്തുടർന്നു ലോട്ടറി വിൽപന ചെയ്യുകയായിരുന്നു. പാർക്കിൻസൺ രോഗത്തിന് ലൂർദ് ആശുപത്രിയിലായിരുന്നു ചികിത്സ. അതിനാലാണ് ഹോട്ടലിലെ ഭക്ഷണം കഴിച്ച് അസ്വസ്ഥതകൾ ഉണ്ടായപ്പോൾ അവിടെ തന്നെ പ്രവേശിപ്പിച്ചത്. ആശുപത്രി വിട്ടിട്ടും ക്ഷീണം പൂർണമായി മാറിയിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു.
മരണം ഭക്ഷ്യവിഷബാധ കാരണമാണെന്ന സംശയം ഉയർന്നതോടെ വീട്ടുകാർ വടക്കേക്കര പൊലീസിൽ പരാതിപ്പെട്ടു. പൊലീസിന്‍റെ നേതൃത്വത്തിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന്റെ ഫലം വന്നാൽ മാത്രമേ ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. സംസ്കാരം നടത്തി. ഭാര്യ: സിനി, മകൻ: എഡ്വിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.